ചെർപ്പുളശ്ശേരി റോഡ് നവീകരണം മുടങ്ങിയതിൽ പ്രതിഷേധം

ഒറ്റപ്പാലം താലൂക്ക് വികസനസമിതിയോഗം

ഒറ്റപ്പാലം : ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡ് നവീകരണം നീളുന്നതിനെച്ചൊല്ലി ഒറ്റപ്പാലം താലൂക്ക് വികസനസമിതി യോഗത്തിൽ പ്രതിഷേധം. ഒക്ടോബർ 31-നകം പൂർത്തിയാക്കുമെന്ന് പറഞ്ഞ റോഡ് നവീകരണം തുടങ്ങുകപോലും ചെയ്യാത്തതിനാലാണ് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പ്രതിഷേധിച്ചത്. നിർമാണം എന്ന് പൂർത്തിയാകുമെന്ന് ഉത്തരവാദപ്പെട്ടവർ യോഗത്തിൽവന്ന് അറിയിച്ചാലേ പ്രതിഷേധം അവസാനിപ്പിക്കൂയെന്നായിരുന്നു പ്രതിനിധികളുടെ നിലപാട്. ഒടുവിൽ, നാലുദിവസത്തിനകം സബ് കളക്ടറുടെ സാന്നിധ്യത്തിൽ പ്രത്യേകയോഗം വിളിച്ച് ചർച്ചചെയ്യാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഒറ്റപ്പാലം നഗരസഭാ കൗൺസിലർ പി.എം.എ. ജലീലാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നത്. പിന്നീട് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വിഷയത്തെ ഭൂരിഭാഗം രാഷ്ട്രീയപാർട്ടി പ്രതിനിധികളും പിന്തുണച്ചു.

റോഡുപണിയുടെ ചുമതലയുള്ള കെ.ആർ.എഫ്.ബി.യിൽനിന്ന് അസിസ്റ്റന്റ് എൻജിനിയറാണ് യോഗത്തിനെത്തിയത്. എന്നാൽ, എക്സിക്യുട്ടീവ് എൻജിനിയറെങ്കിലും എത്തണമെന്നും എന്ന്‌ പണിതീർക്കുമെന്നറിയണമെന്നും പ്രതിനിധികൾ നിലപാടെടുത്തു. ഇതിൽ തീരുമാനമാകാതെ മറ്റൊരു അജൻഡ ചർച്ചചെയ്യില്ലെന്നും വേണമെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

മാർച്ച് 31-നകം പണി തീർക്കാമെന്നാണ് കരാർകമ്പനി അറിയിച്ചതെന്നും ഇവർ കരാറെടുത്തിടത്തെല്ലാം പണി മന്ദഗതിയിലാണെന്നും കെ.ആർ.എഫ്.ബി. അധികൃതർ പറഞ്ഞു. നവംബറിൽ രണ്ടുകിലോമീറ്റർകൂടി ടാർചെയ്യാനാകുമെന്നും അറിയിച്ചു.

എക്സിക്യുട്ടീവ് എൻജിനിയർ തിരുവനന്തപുരത്തായതിനാൽ എത്താൻ കഴിയില്ലെന്ന്‌ അറിയിച്ചതോടെയാണ് നാലുദിവസത്തിനകം യോഗംവിളിച്ച് ചർച്ചചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.

യോഗത്തിൽ രണ്ട് എം.എൽ.എ.മാരും പോലീസുമുൾപ്പെടെ നിർബന്ധമായുണ്ടാകണമെന്ന ആവശ്യവും രാഷ്ട്രീയപാർട്ടി പ്രതിനിധികളുയർത്തി. യോഗത്തിൽ തുടർച്ചയായി പോലീസ് എത്താത്തതും ചർച്ചയായി.

വിവരം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യമുയർന്നു. ഒറ്റപ്പാലം നഗരസഭ ചെയർപേഴ്‌സൺ എം.കെ. ജയസുധ വികസനസമിതി യോഗത്തിൽ അധ്യക്ഷയായി.

ആശുപത്രി സൂപ്രണ്ടും കൗൺസിലറും തമ്മിൽ തർക്കം

​താലൂക്കാശുപത്രിയിലെ സായാഹ്ന ഒ.പി.യുടെ പ്രവർത്തനത്തെച്ചൊല്ലി സൂപ്രണ്ടും കൗൺസിലറും തമ്മിൽ തർക്കം. ഇടയ്ക്കി‌ലെ സായാഹ്ന ഒ.പി. മുടങ്ങുന്നെന്നും കഴിഞ്ഞദിവസം വൈകീട്ട് 4.30-നെത്തിയ രോഗിക്ക് രാത്രി 7.30-വരെ ഡോക്ടറെകാണാൻ സാധിച്ചില്ലെന്നും കൗൺസിലർ പി.എം.എ. ജലീൽ ആരോപിച്ചു.

ഡോക്ടർ അവധിയിലായ ദിവസങ്ങളിൽ ഒ.പി. നടത്താനാകാറില്ലെന്ന് സൂപ്രണ്ട് ഡോ. പത്മനാഭൻ മറുപടി പറഞ്ഞു. അത്തരംഘട്ടങ്ങളിൽ ഒ.പി. നിർത്തുകയല്ല ബദൽസംവിധാനം തേടുകയാണ് വേണ്ടതെന്ന് കൗൺസിലർ മറുപടി പറഞ്ഞു. അത്യാഹിതവിഭാഗത്തിൽ എപ്പോഴും ഡോക്ടറുണ്ടാകുമെന്നും ചികിത്സലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നും സൂപ്രണ്ട് മറുപടി നൽകി.

ആശുപത്രിയിൽ അത്തരം പ്രശ്‌നങ്ങളില്ലെന്നും വ്യക്തപരമായി അധിഷേപിക്കാനുള്ള ശ്രമമാണിതെന്നും സൂപ്രണ്ട് ആരോപിച്ചു. ഒടുവിൽ ഒരു ഡോക്ടറെക്കൂടി നിയമിക്കാനും പ്രശ്നപരിഹാരത്തിന് ജില്ലാ മെഡിക്കൽ ഓഫീസറെ സമീപിക്കാനും തീരുമാനിച്ചാണ് പ്രശ്നം പരിഹരിച്ചത്.