കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് തുറന്നിട്ട് ഏഴുമാസം

അനുബന്ധറോഡ് നിർമാണം ഇനിയും പാതിവഴിയിൽ
ആനക്കര : ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് തുറന്നിട്ട് ഏഴുമാസം പിന്നിടുമ്പോഴും അനുബന്ധറോഡുകളുടെ നിർമാണം പൂർത്തിയാകാത്തത് പ്രദേശവാസികളുടെ യാത്രാദുരിതം വർധിപ്പിക്കുന്നു.
കഴിഞ്ഞ മാർച്ച് ഒന്നിന് അന്നത്തെ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്ത കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രദേശവാസികൾ വലിയപ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. കുമ്പിടിയെയും കാങ്കപ്പുഴയെയും ബന്ധിപ്പിച്ച് യാത്ര എളുപ്പമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ പാലം തുറന്നുകൊടുത്തപ്പോഴും ഇരുഭാഗങ്ങളിലെയും അനുബന്ധ റോഡുകളുടെ നിർമാണം പൂർത്തിയായിരുന്നില്ല. ഇപ്പോൾ ഏഴുമാസം പിന്നിട്ടിട്ടും സ്ഥിതിയിൽ കാര്യമായ മാറ്റമില്ല.
കുമ്പിടി ഭാഗത്ത് നിലവിലെ റോഡിനെ പാലവുമായി ബന്ധിപ്പിക്കുന്നതിനായി റോഡ് ഉയർത്തുന്ന പ്രവൃത്തികൾ പൂർത്തിയാകാത്തതാണ് പ്രധാനതടസ്സം. പാലത്തേക്കാൾ താഴ്ന്നനിലയിലുള്ള റോഡ് സാങ്കേതിക മാനദണ്ഡങ്ങൾപാലിച്ച് ഏകദേശം ഒന്നരമീറ്റർ ഉയർത്തിയാണ് പുനർനിർമിക്കുന്നത്. സംരക്ഷണഭിത്തിയും റോഡ് വീതികൂട്ടലും പൂർത്തിയായെങ്കിലും മണ്ണിട്ട് ഉയരംക്രമീകരിക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഇതുവഴിയുള്ള യാത്ര ഇപ്പോഴും ദുരിതത്തിലാണ്.
കുമ്പിടിയിൽനിന്ന് കാങ്കപ്പുഴയിലേക്കുള്ള റോഡിൽ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീടുകളിലേക്കും സമീപത്തെ കൃഷിയിടങ്ങളിലേക്കും എത്തുന്നതിനും നാട്ടുകാർ ബുദ്ധിമുട്ടുന്നു. ദൈനംദിന ആവശ്യങ്ങൾക്കായി ഈ വഴിയെ ആശ്രയിക്കുന്നവർക്കും നിർമാണം തീരാത്തത് വലിയ പ്രയാസമാണ്.
അതേസമയം പാലത്തിന്റെ മറുഭാഗമായ കുറ്റിപ്പുറം ഭാഗത്തെ അനുബന്ധ റോഡിന്റെ കാര്യത്തിലും പുരോഗതി മന്ദഗതിയിലാണ്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ പാലം തുറന്നിട്ടും അതിലേക്ക് സുഗമമായി എത്താനുള്ള പാത പൂർണമായും സജ്ജമായിട്ടില്ല. അതേസമയം നിലവിൽ റോഡ് നിർമാണം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ് കരാർ ഏറ്റെടുത്ത നിർമാണ കമ്പനി അധികൃതർ പറയുന്നത്.