ഊട്ടിയിലെ തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

ഊട്ടി : ഊട്ടിയിലെ പ്രധാന ഉല്ലാസ കേന്ദ്രമായ തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. ഇതോടെ പരിസരം മുഴുവൻ ദുർഗന്ധം പരക്കാൻ തുടങ്ങി. ഊട്ടി തടാകത്തിൽ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ബോട്ട് സവാരി നടത്താൻ എത്തുന്നത്.

തിങ്കളാഴ്ച രാവിലെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തനിലയിൽ കാണപ്പെട്ടത്.

ഊട്ടിയിലെ പ്രധാന അഴുക്കുചാലായ കോടപ്പമന്തിലെ മലിനജലം തടകത്തിലേക്കാണ് ഒഴുകിയെത്തുന്നത്. 52 ഏക്കർ വിസ്തൃതിയുള്ള തടകത്തിന്റെ പകുതി ഭാഗവും കുളവാഴകൾ വളർന്നിട്ടുണ്ട്. ഇതുകാരണം ജലത്തിൽ ഒക്സിജൻ ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയാണ്. കൂടാതെ കെട്ടികിടക്കുന്ന മലിനജലവും മത്സ്യങ്ങൾ ചാവാൻ കാരണമായിരിക്കാമെന്ന് പറയുന്നു.