കൊടിക്കുന്ന് ക്ഷേത്രക്കുളം നവീകരണം പുനരാരംഭിക്കും

പട്ടാമ്പി : പാർശ്വഭിത്തികൾ പൊളിഞ്ഞുവീണതിനെത്തുടർന്ന് നിർത്തിവെച്ച പരുതൂരിലെ കൊടിക്കുന്ന് ഭഗവതിക്ഷേത്രക്കുളത്തിന്റെ പണി പുനരാരംഭിക്കും. പാർശ്വഭിത്തി കഴിഞ്ഞ ജൂൺ മാസം അവസാനത്തിൽ മഴയിൽ പൊളിഞ്ഞുവീഴുകയായിരുന്നു. നിർമിതികേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് പുനരുദ്ധാരണം.

മാർച്ച് മാസത്തിലാണ് 68 ലക്ഷംരൂപ ചെലവിൽ കുളം പുനരുദ്ധരിക്കുന്ന പണി തുടങ്ങിയത്. പുതുതായി നിർമിച്ച കരിങ്കല്ലുകൊണ്ടുള്ള പാർശ്വഭിത്തി മഴയിൽ ഇടിഞ്ഞുപൊളിഞ്ഞ്‌ വീഴുകയായിരുന്നു.

നല്ല വീതിയിലും കനത്തിലും ആഴത്തിലും പാർശ്വഭിത്തികൾ കെട്ടാനാണ് തീരുമാനം. പുതുക്കിയ പദ്ധതിപ്രകാരം ഒരുകോടി രൂപയോളമാണ് നവീകരണത്തിന് വരിക. തുലാവർഷക്കാലം കഴിഞ്ഞ് കുളത്തിലെ വെള്ളംകുറഞ്ഞാൽ പണി പുനരാരംഭിച്ച് ഏപ്രിൽ മാസത്തോടെ പണി പൂർത്തിയാക്കാനാണ് തീരുമാനും. 50 മീറ്റർ നീളവും 40 മീറ്റർ നീളവുമാണ് കുളത്തിനുള്ളത്.

കുളത്തിലെ മൂന്ന്‌ കടവും നവീകരിക്കും. പാർശ്വവശങ്ങളിൽ ജലചക്രം, ശിലാ ശില്പങ്ങളടെ ഉദ്യാനം, കാപ്പിഹൗസ്, ഏറുമാടം, ശബ്ദിക്കുന്ന മണിമേട, ഈ ബ്രിഡ്ജ്, ചുറ്റുമതിൽ, ആർച്ച്, സി.സി.ടി.വി, ഉച്ചഭാഷിണി, വൈദ്യുതീകരിക്കൽ എന്നിവയെല്ലാം പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. വെള്ളിയാങ്കല്ല് പൈതൃകപാർക്ക് കാണാൻവരുന്ന ഏറെ സഞ്ചാരികൾക്കുകൂടി കുളം ആകർഷകമായ കാഴ്ചയാവും. ഗ്രാമീണർക്ക് കുളം ഏറെ പ്രയോജനപ്പെടും. കാൽനൂറ്റാണ്ടുകാലമായി പാർശ്വഭാഗം പൊന്തക്കാടുനിറഞ്ഞും അടിഭാഗം ചെളിയിൽ തൂർന്നും അത്യന്തം ശോച്യാവസ്ഥയിലായിരുന്നു. ചെറുകിട ജലസേചനവകുപ്പാണ് കുളം നവീകരിക്കുന്നതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തിയത്.