അപകടക്കെണിയായി കോട്ടായി-ഓടനൂർ ബൈപ്പാസ്

സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണം

കോട്ടായി : കോട്ടായി മേജർ റോഡിലെ ഓടനൂർ ബൈപ്പാസിൽ അപകടങ്ങൾ പതിവാകുന്നു. പെരിങ്ങോട്ടുകുറുശ്ശി, കുഴൽമന്ദം ഭാഗങ്ങളിൽനിന്നെത്തുന്ന യാത്രക്കാർക്ക് പൂടൂർ, പറളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന പ്രധാന പാതയാണിത്. എന്നാൽ, ഒ​േട്ടറെ വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുകയും മുന്നറിയിപ്പ്, വേഗനിയന്ത്രണ സൂചനാബോർഡുകൾ ഉൾപ്പെടെ ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് ആവശ്യം. രാത്രികാലങ്ങളിൽ അപകടസാധ്യത വർധിക്കുന്നതിനാൽ റോഡിൽ ആവശ്യമായ മറ്റു സുരക്ഷാസംവിധാനങ്ങളും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഞ്ചായത്തംഗം വി. ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി. റോഡ് സുരക്ഷാപരിശോധന നടത്തി മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാസംവിധാനങ്ങളുംഏർപ്പെടുത്താമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചതായി പഞ്ചായത്തംഗം വി. ബാബു അറിയിച്ചു.