കമ്മിഷണറെ മാറ്റാൻ ഗവർണർക്ക് കത്ത് നൽകി

സേലം കോർപറേഷനിൽ സമരം നടത്തി മേയറും കൗൺസിലർമാരും

സേലം : കൗൺസിൽ പാസാക്കുന്ന പ്രമേയങ്ങൾ സർക്കാരിലേക്ക് അയക്കാത്തതിൽ പ്രതിഷേധിച്ച് ഡി.എം.കെ. ഭരിക്കുന്ന സേലം കോർപറേഷൻ മേയറും കൗൺസിലർമാരും കമ്മിഷണർ ലളിതാദിത്യ നീലത്തിന്റെ ഓഫീസിന് മുൻപിൽ ധർണ നടത്തി. കൗൺസിലിനെ അംഗീകരിക്കാതെ ഏകപക്ഷീയമായി പ്രവർത്തിക്കുന്ന കമ്മിഷണറെ മാറ്റാൻ ആവശ്യപ്പെട്ട് ഗവർണർക്ക് കത്തും നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം നടന്ന സമരത്തിൽ മേയറും 20 ഡി.എം.കെ. കൗൺസിലർമാരും പങ്കെടുത്തു. സേലം കോർപറേഷനിലെ കുടിവെള്ളവിതരണം സ്വകാര്യവത്കരിക്കാനുള്ള സർക്കാർ തീരുമാനം കോർപറേഷൻ കൗൺസിൽ യോഗം റദ്ദാക്കിയിരുന്നെന്ന് മേയർ എ. രാമചന്ദ്രൻ പറഞ്ഞു.

മാലിന്യത്തിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന 1,000 കോടിയുടെ പദ്ധതിയും ഉപേക്ഷിച്ചിരുന്നു. ഈ രണ്ടുവിഷയത്തിലും കൗൺസിൽ പാസാക്കിയ പ്രമേയങ്ങൾ കമ്മിഷണർ സംസ്ഥാന സർക്കാരിന് അയച്ചുകൊടുത്തിട്ടില്ല. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല്‌ കൗൺസിൽ യോഗങ്ങളിൽ പാസാക്കിയ പ്രമേയങ്ങളാണ് കമ്മിഷണർ സർക്കാരിലേക്ക് അയച്ചുകൊടുക്കാത്തതെന്ന് പറയുന്നു. മേയറുടെയും കൗൺസിലിന്റെയും അനുമതിയില്ലാതെ ദർഘാസ് വിളിക്കയാണ്. തന്റെ വാർഡിൽ തന്നെയറിയിക്കാതെ കമ്മിഷണർ പരിശോധന നടത്തിയെന്നും മേയർ പറയുന്നു.

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിനെയും മേയറെയും കാഴ്ചക്കാരാക്കി ഭരണം നടത്തുന്ന കമ്മിഷണറെ മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മേയർ രാമചന്ദ്രൻ പറഞ്ഞു. സമരത്തിൽ അണ്ണാ ഡി.എം.കെ. കൗൺസിലർമാരും പങ്കെടുത്തു. സമരം കണക്കിലെടുത്ത് കോർപറേഷനിലും പരിസരത്തും പോലീസ് സുരക്ഷയൊരുക്കിയിരുന്നു.

അതിനിടെ കമ്മിഷണറെ മാറ്റാനും അച്ചടക്കനടപടിയെടുക്കാനും ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവർണർക്ക് കത്തുനൽകിയതായി മേയർ അറിയിച്ചു. സെപ്റ്റംബർ 22-നാണ് കത്ത് നൽകിയിരിക്കുന്നത്. നേരത്തേ മുനിസിപ്പൽ ഡയറക്ടർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തിനെത്തുടർന്നാണ് ഇപ്പോൾ ഗവർണർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് പറയുന്നു. 60 കൗൺസിലർമാരുള്ള കോർപറേഷനിൽ ഡി.എം.കെ.യ്ക്ക് 48 പേരുണ്ട്. അണ്ണാ ഡി.എം.കെ.യ്ക്ക് ഏഴ് കൗൺസിലർമാരാണുള്ളത്.

അതിനിടെ കമ്മീഷണറുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം അവസാനിപ്പിച്ചുവെന്ന് മേയർ എ. രാമചന്ദ്രൻ അറിയിച്ചു. കൗൺസിൽ പാസാക്കിയ എല്ലാ പ്രമേയങ്ങളും മുനിസിപ്പൽ ഡയറക്ടർക്ക് അയച്ചു കൊടുക്കാമെന്നും ചട്ടപ്രകാരമുള്ള നടപടികളുമായ്‌ സഹകരിക്കാമെന്നും കമ്മീഷണർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ സമരക്കാരും പോലീസും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് കമ്മീഷണർ തന്നെ മേയറുമായി ചർച്ച നടത്താൻ സന്നദ്ധനാവുകയായിരുന്നു.