പരാതിയൊഴിയാതെ കൊപ്പത്തെ സിഗ്നൽലൈറ്റ് സംവിധാനം

കൊപ്പം : പരാതികൾ ഒഴിയാതെ കൊപ്പംപട്ടണത്തിൽ സ്ഥാപിച്ച സിഗ്നൽലൈറ്റ് സംവിധാനം. സിഗ്നൽലൈറ്റുകൾ സ്ഥാപിച്ചെങ്കിലും അനുബന്ധ സംവിധാനങ്ങൾ ഒരുക്കാത്തതാണ് പരാതിക്കിടയാക്കുന്നത്. പട്ടണത്തിൽ അപകടങ്ങളും പതിവാകുകയാണ്.
വ്യാഴാഴ്ച സിഗ്നൽലൈറ്റിന് സമീപം ഓട്ടോറിക്ഷ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഭാഗ്യംകൊണ്ടുമാത്രമാണ് വലിയദുരന്തം സംഭവിക്കാത്തിരുന്നത്. വാഹനങ്ങൾ കടന്നുപോകുന്ന വേളയിൽ സിബ്രാലൈൻവഴി കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതും അപകടത്തിന് ഇടവരുത്തുകയാണ്.
പട്ടാമ്പി-പുലാമന്തോൾ പാതയിലെയും ചെർപ്പുളശ്ശേരി-വളാഞ്ചേരി പാതയിലെയും പ്രധാന പട്ടണമാണ് കൊപ്പം. നാലുംകൂടിയ കൊപ്പംപട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തിൽ സിഗ്നൽസംവിധാനം സ്ഥാപിച്ചത്. വലിയ പ്രതിഷേധങ്ങൾക്കുശേഷമായിരുന്നു സിഗ്നൽസംവിധാനം മാസങ്ങൾക്കുമുമ്പ് പ്രാവർത്തികമാക്കിയത്. അനുബന്ധ സംവിധാനമൊരുക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയില്ല.
സിഗ്നൽ ലൈറ്റിനോട് ചേർന്നുളള സിബ്രാലൈനുകൾ മാറ്റി സ്ഥാപിക്കൽ, ബസ് സ്റ്റോപ്പുകൾ 50 മിറ്ററോളം മാറ്റിസ്ഥാപിക്കൽ, അനധികൃത പാർക്കിങ്, ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കൽ എന്നിവയാണ് മാസങ്ങളായും നടപടികളാവാതെ കിടക്കുന്നത്. സീബ്രാലൈനുകൾ മാറ്റിസ്ഥാപിക്കാത്തതുമൂലം സിഗ്നൽ സംവിധാനത്തിലൂടെ കാൽനടയാത്രക്കാർ റോഡുമുറിച്ച് കടക്കുന്നത് അപകടങ്ങൾക്ക് ഇടവരുത്തുകയാണ്. ഒരു മിനിറ്റിലേറെ സിഗ്നൽസംവിധാനത്തിൽപ്പെടുന്ന വാഹനങ്ങൾ കടന്നുപോകുന്ന വേളയിലാണ് പലപ്പോഴും കാൽനടയാത്രക്കാർ റോഡുമുറിച്ച് കടക്കുക. ഇത് വലിയ പരാതിക്ക് ഇടവരുത്തിയിരുന്നു. ബസുകൾ തോന്നുംപോലെ സിഗ്നൽ സംവിധനത്തിന് സമീപം നിർത്തി ആളെ കയറ്റുന്നതുമെല്ലാം വാഹനഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണണമെന്ന് താലൂക്ക് വികസനസമിതിയിലടക്കം പരാതിയുയർന്നിരുന്നു.
വാഹനഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന കാര്യത്തിലും അനിശ്ചിത്വം തുടരുകയാണ്. പെരിന്തൽമണ്ണ റോഡിലും മുളയൻകാവ് റോഡിനോടു ചേർന്നുമുള്ള തൂണുകളാണ് തടസ്സമായി നിൽക്കുന്നത്. ഇത് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ നൽകുന്ന സൂചന. ഇത് മാറ്റാത്തതു മൂലം സിഗ്നൽസംവിധാനത്തിന് സമീപം ഇടതുവശത്തിലൂടെയുളള യാത്ര തടസ്സപ്പെടുകയാണ്.
അനധികൃത പാർക്കിങ്ങിന്റെ കാര്യത്തിലും നടപടിയെടുക്കുന്നതിൽ തീരുമാനമായിട്ടില്ല.
പട്ടണത്തിലെ സീബ്രാലൈനുകൾ മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുളള വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്ന് കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. വത്സല പറഞ്ഞു. താലൂക്ക് വികസന സമിതിയിലും ഇക്കാര്യം അറിയിച്ചിരുന്നു. പരിഹാരനടപടികൾ നീളുന്നത് പ്രതിഷേധാഹർമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ മാത്രമേ പ്രവൃത്തി നടപ്പാക്കാൻ കഴിയുവെന്നും അവർ പറഞ്ഞു.