ഒരു മഴ പെയ്താൽ മതി, പട്ടാമ്പി ടൗൺ കുളമാവും

പട്ടാമ്പി : ഒരു മഴ പെയ്താൽ മതി പട്ടാമ്പി ടൗണിൽ പലഭാഗങ്ങളും കുളമായി മാറും. പലേടത്തും വെള്ളക്കെട്ട് രൂപപ്പെടും. മാസങ്ങളായി പട്ടാമ്പി ടൗണിലെ അഴുക്കുചാൽ നിർമാണം നടക്കുകയാണെങ്കിലും പൂർത്തിയാക്കാനാവാത്തതാണ് വെള്ളക്കെട്ടിന് കാരണം.
ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാണ്. വെള്ളം കെട്ടിനിൽക്കുന്നയിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളംകയറുന്നുണ്ട്.
അഴുക്കുചാൽ നിർമാണം നീണ്ടുപോകുന്നതോടെ മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ പലഭാഗങ്ങളിലും തടസ്സപ്പെടുന്ന സാഹചര്യമുണ്ട്.
മഴ ശക്തമായാൽ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ പ്രയാസമാണ്. വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവർക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടാകുന്നുണ്ട്. ടൗണിലെ ഗതാഗതത്തെയും ദൈനംദിനവ്യാപാരത്തെയും ബാധിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ അഴുക്കുചാൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ആവശ്യം. നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും മഴവെള്ളം ഒഴുകിപ്പോകാനുള്ള താത്കാലികസംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിർമാണം എത്രയുംവേഗം പൂർത്തിയാക്കി പട്ടാമ്പി ടൗണിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേലേ പട്ടാമ്പി കൽപ്പക സ്ട്രീറ്റ് മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് വലിയ ദുരിതമാണ് യാത്രക്കാർക്കുണ്ടാക്കുന്നത്. പലേടത്തും കുഴികൾ അറിയാനാവാത്തത് യാത്രക്കാർക്ക് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. കൽപ്പക സ്ട്രീറ്റ്, കമാനം റോഡ്, റെയിൽവേ സ്‌റ്റേഷൻ റോഡ്, ബസ് സ്റ്റാൻഡിന് മുൻവശം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.