മനസ്സുനിറയെ യാത്രകൾ; കണ്ടുമതിവരാതെ ഹിമാലയം

പാലക്കാട്: ഓരോ യാത്രയ്ക്കുശേഷവും പുത്തൂർ വെള്ളോലി ഗാർഡൻസിലെ ‘സ്മൃതി’യിലേക്കെത്തുമ്പോൾ അശോക് തമ്പാന്റെയും ഭാര്യ പ്രസീദ വർമയുടേയും മനസ്സുനിറയെ അടുത്ത യാത്രയെക്കുറിച്ചുള്ള ആലോചനകളാവും. ഹിമാലയത്തിലേക്ക് മാത്രം 41 യാത്രകളാണ് അശോക് തമ്പാൻ നടത്തിയത്. കഴിഞ്ഞ 16 യാത്രകളിൽ കൂട്ടിന് പ്രസീദ വർമയും ഉണ്ടായിരുന്നു. ഈ വർഷം ഹിമാലയത്തിലെ രണ്ടു ചുരങ്ങളാണ് ഇരുവരും നടന്നുകയറിയത്- കൊംഗുമാര പാസും അന്നപൂർണ സർക്യൂട്ടും.
ലഡാക്കിലെ മർഖാ താഴ്വരയിലെ കൊംഗുമാര പാസിന് സമുദ്രനിരപ്പിൽനിന്ന് 17,200 അടിയാണ് ഉയരം. മഞ്ഞണിഞ്ഞ മലകളിലൂടെ പ്രത്യേക ഷൂസും ആറോ ഏഴോ അടുക്കുകളായി വസ്ത്രവും ധരിച്ച് 75 കിലോമീറ്റർ നടത്തം പൂർത്തിയാക്കിയത് ജൂലായിലാണ്. കൊംഗുമാരാ പാസിലെത്തിയാൽ കാരക്കോറം പർവതനിരകളെ നേരിൽ കാണാം. ലഡാക്കിൽനിന്ന് 150 കിലോമീറ്ററാണ് ദൂരം. ഇതിൽ 75 കിലോമീറ്ററും നടന്നുതന്നെ പോകണം. കൈയിൽ കരുതുന്ന ചോക്ലേറ്റും ബിസ്കറ്റും മാത്രമാവും ഭക്ഷണം. നേപ്പാളിലെ അന്നപൂർണ മലനിരകളിലൂടെ അന്നപൂർണ സർക്യൂട്ടും തൊറാംഗ് ലാ പാസും (17,800 അടി, 85 കിലോമീറ്റർ) പൂർത്തിയാക്കിയത് ഒക്ടോബറിലാണ്. “താപനില മൈനസ് 25 ഡിഗ്രിവരെ താഴും. കുടിവെള്ളം പോലും െഎസുകട്ടയാവും. 2025ലും അന്നപൂർണ സർക്യൂട്ടിൽ നടന്നുതുടങ്ങിയെങ്കിലും കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അവസാന പത്ത് കിലോമീറ്റർ പൂർത്തിയാക്കാനായില്ല” അശോക് പറഞ്ഞു.
1,250 കിലോമീറ്റർ ഹിമാലയത്തിൽ മാത്രം നടന്നു. നിരവധിതവണ ചാർധാം, പഞ്ചകൈലാസങ്ങൾ, പഞ്ചകേദാരങ്ങൾ, സ്വർഗാരോഹിണി സതൊപന്ത്, ഗോമുഖ്, വൈഷ്ണോദേവി, ഭൂട്ടാനിലെ തക്സങ് മൊണാസ്ട്രി, നേപ്പാളിലെ തിലിചോ ബേസ് ക്യാന്പ് തുടങ്ങിയ സ്ഥലങ്ങളിലെത്തി. 2012-ലെ ചാർധാം യാത്രയാണ് ഇരുവരും ഒരുമിച്ച് തുടങ്ങിയത്. കൊറോണക്കാലത്തെ രണ്ടുവർഷവും ഔദ്യോഗിക തിരക്കുകൾ മൂലം 2024-ലും ഒഴികെ എല്ലാവർഷവും യാത്ര ചെയ്തു. അടുത്ത വർഷം എവറസ്റ്റ് ബേസ് ക്യാമ്പ്, ടാൻസാനിയയിലെ കിളിമഞ്ചാരോ, ഹിമാലയത്തിലെ തപോവൻ, ഗോമുഖ്, നന്ദൻവൻ... മനസ്സുനിറയെ യാത്രകളാണ്.
വായനയാണ് ഹിമാലയയാത്രയിലേക്ക് ആകർഷിച്ചതെന്ന് അശോക് പറയുന്നു. “തപോവനസ്വാമിയുടെ ഹിമഗിരിവിഹാരം വല്ലാതെ മോഹിപ്പിച്ചു. ആഷാമേനോന്റെയും എം.കെ. രാമചന്ദ്രന്റെയും എഴുത്തുകൾ ആ മോഹം പൂർണതയിലെത്തിക്കാൻ കരുത്തുപകർന്നു”- മാതൃഭൂമി പ്രസിദ്ധീകരിച്ച ‘പഞ്ചകേദാര ആദികൈലാസ രഥ്യകളിലൂടെ’ അടക്കം രണ്ടു യാത്രാവിവരണങ്ങൾ ഇതിനകം പുറത്തുവന്നു. അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലുമാണ്. മാതൃഭൂമി ‘യാത്ര’യിലും എഴുതാറുണ്ട്.
നടത്തം, ജിം യോഗാഭ്യാസം- നാട്ടിലുള്ള സമയം ഇരുവർക്കും ഒരുക്കങ്ങളുടേതുകൂടിയാണ്. പാലക്കാട്ടെ സ്വകാര്യസ്ഥാപനത്തിലെ ധനവിഭാഗം മേധാവിയായിരുന്നു 58-കാരനായ കോസ്റ്റ് അക്കൗണ്ടന്റ് അശോക് തമ്പാൻ. പ്രസീദ വർമ ശ്രീകൃഷ്ണപുരം ട്രഷറിയിൽ ഉദ്യോഗസ്ഥയാണ്. ശ്രുതി തമ്പാൻ (കാനഡ), ദ്യുതി തമ്പാൻ (യു.എസ്.എ.) എന്നിവരാണ് മക്കൾ.