വെള്ളലൂരിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ഉപേക്ഷിക്കുന്നു

കോയമ്പത്തൂർ : വെള്ളലൂരിൽ മാലിന്യത്തിൽനിന്ന് 20 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കോയമ്പത്തൂർ കോർപറേഷന്റെ പദ്ധതി ഭരണകക്ഷിയായ ഡി.എം.കെ.യുടെ ഉൾപ്പെടെ എതിർപ്പിനെത്തുടർന്ന് താത്‌കാലികമായി ഉപേക്ഷിക്കുന്നു. വരുന്ന 30-ന് ടെൻഡർ വിളിക്കാനുള്ള തീരുമാനം മാറ്റിവെച്ചതായി മേയർ കെ. രംഗനായകി കൗൺസിൽ യോഗത്തെ അറിയിച്ചു.

കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിൽ പദ്ധതിക്കെതിരേ കൗൺസിലർമാർ ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. പദ്ധതിയെക്കുറിച്ച് വെള്ളലൂരിന് ചുറ്റും താമസിക്കുന്നവരുമായി ചർച്ച നടത്തിയിട്ടില്ലെന്നും അതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും ഡി.എം.കെ. കക്ഷി നേതാവ് ആർ. കാർത്തികേയൻ പറഞ്ഞു. നിലവിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഡി.എം.കെ. കൗൺസിലർ ആർ. പ്രഭാകരനും സി.പി.എം., കോൺഗ്രസ് അംഗങ്ങളും പദ്ധതിക്കെതിരേ രംഗത്തുവന്നു. കമ്മിഷണർ കട്ടരവി തേജ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചെങ്കിലും കൗൺസിലർമാർ അംഗീകരിച്ചില്ല. ഇതോടെ മേയർ കെ. രംഗനായകി ടെൻഡർ നടപടികൾ നിർത്തി​െവക്കാൻ നിർദേശം നൽകുമെന്ന് അറിയിച്ചു.

തിരുപ്പൂരിൽനിന്ന് മാലിന്യം വെള്ളലൂരിൽ കൊണ്ടുവരാനുള്ള നീക്കത്തെയും കൗൺസിലർമാർ എതിർത്തു. വെള്ളലൂർ മാലിന്യകേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യം മൂലം സമീപത്തെ ഭൂഗർഭജലം മലിനപ്പെട്ടിരിക്കുകയാണെന്നും അത് പൂർണമായി പരിഹരിക്കാതെ പുറത്തുനിന്ന് മാലിന്യം കൊണ്ടുവരരുതെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

കോയമ്പത്തൂർ കോർപറേഷനിലെയും തിരുപ്പൂരിലെയും പ്രതിദിനം ശേഖരിക്കുന്ന 1,200 ടൺ ഖരമാലിന്യത്തിൽനിന്ന് 20 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ സർക്കാരാണ് പ്രഖ്യാപിച്ചത്. വരുന്ന 30-ന് ടെൻഡർ വിളിക്കാനാണ് തീരുമാനിച്ചിരുന്നത്.