പാലമരത്തിന്റെ കൊമ്പ് പൊട്ടിവീണ് ആറ് വൈദ്യുതത്തൂണുകൾ തകർന്നു

കൊപ്പം : വിളയൂർ കരിങ്ങനാട്ട് പാലമരത്തിന്റെ കൊമ്പ് പൊട്ടിവീണ് ആറ് വൈദ്യുതത്തൂണുകളും വൈദ്യുതലൈനുകളും തകർന്നു. കരിങ്ങനാട് വിളങ്ങോട്ടുകാവ് ഗോവിന്ദപുരം ക്ഷേത്രവളപ്പിലെ വർഷങ്ങൾ പഴക്കമുള്ള പാലമരത്തിന്റെ കൊമ്പാണ് റോഡിലേക്ക് പൊട്ടിവീണത്. കരിങ്ങനാട് കുണ്ട്-ക്ഷേത്രം റോഡിലൂടെയുള്ള ഗതാഗതം ഇതേത്തുടർന്ന് മണിക്കൂറുകളോളം തടസ്സപ്പെട്ടു. കരിങ്ങനാട് പ്രദേശത്തെ
വൈദ്യുതിവിതരണവും തടസ്സപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെ 3.15-ഓടെയാണ് സംഭവം.
ഈ സമയം റോഡിൽ ആരുമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. കരിങ്ങനാടുള്ള കൊപ്പം 110 കെ.വി. സബ് സ്റ്റേഷനിൽനിന്ന് വിവിധ ഫീഡറുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകളും തൂണുകളുമാണ് തകർന്നത്.
കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ തുടങ്ങി.