ഗവ. ആയുർവേദ ആശുപത്രിക്കെട്ടിടം പണി അവസാനഘട്ടത്തിലേക്ക്

ആനക്കര : ആനക്കര ഹൈസ്കൂളിനുസമീപം ആനക്കര ഗവ. ആയുർവേദ ആശുപത്രിക്കായുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. ഇരുനിലക്കെട്ടിടത്തിന്റെ പ്രധാന പണികൾ പൂർത്തിയായി. നിലവിൽ പ്ലാസ്റ്ററിങ് ഉൾപ്പെടെയുള്ള ജോലികളാണ് നടക്കുന്നത്. ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കി ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ആരംഭകാലംമുതൽ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിച്ച ആശുപത്രി നിലവിൽ പരിമിതമായ സൗകര്യങ്ങളോടെ ആനക്കരയിലെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ആനക്കര മൂന്നുകുടിയിൽ പ്രശാന്ത് സൗജന്യമായി നൽകിയ അഞ്ചുസെന്റ് സ്ഥലത്താണ് ആശുപത്രിക്കായി പുതിയ കെട്ടിടം പണിയുന്നത്. 1500 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടുനിലകളിലായാണ് കെട്ടിടം രൂപകല്പനചെയ്തിരിക്കുന്നത്. രോഗികൾക്കും ജീവനക്കാർക്കുമുള്ള വിശ്രമമുറികൾ, പരിശോധനാമുറികൾ, ലബോറട്ടറി, ഫാർമസി, അടുക്കള, നഴ്‌സുമാരുടെ മുറികൾ എന്നിവയ്ക്കൊപ്പം ലിഫ്റ്റ്, വാഹന പാർക്കിങ് സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും.

2018-ൽ വി.ടി. ബൽറാം എം.എൽ.എ.യായിരുന്ന കാലത്താണ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 51 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചത്. നിർമാണച്ചുമതല ഹാബിറ്റാറ്റിനാണ്. വർഷങ്ങളായി വാടകക്കെട്ടിടത്തിലും പരിമിതമായ സൗകര്യങ്ങളിലും പ്രവർത്തിച്ചുവരുന്ന ആശുപത്രിക്ക് പുതിയ കെട്ടിടമാവുന്നതോടെ കൂടുതൽ സൗകര്യപ്രദമായ ചികിത്സാ അന്തരീക്ഷം ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.