വോട്ടിനായി സത്യഭാമ മുതലക്കണ്ണീരൊഴുക്കുന്നെന്ന് എ.ഐ.എ.ഡി.എം.കെ.

തിരുപ്പൂർ : ധാരാപുരത്ത് വിജയിപ്പിച്ച വോട്ടർമാരെ കണ്ണീരിലാഴ്ത്തിയശേഷം തമിഴക വെട്രി കഴകം സ്ഥാനാർഥി പി. സത്യഭാമ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ധാരാപുരം ഉപതിരഞ്ഞെടുപ്പിലെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി കെ. ഭാനുമതി. ധാരാപുരം മണ്ഡലത്തിലെ ചിന്നക്കംപാളയം ടൗൺപഞ്ചായത്തിന് കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ മുൻ എം.പി., എം.എൽ.എ. മാർഎന്നിവർക്കൊപ്പം പ്രചാരണം നടത്തുകയായിരുന്നു ഭാനുമതി.

അണ്ണാ ഡി.എം.കെ. സ്ഥാനാർത്ഥിയായി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാരോട് ഒരു വാക്കുപോലും പറയാതെ ദിവസങ്ങൾക്കുള്ളിൽ എം.എൽ.എ.സ്ഥാനം രാജിവെച്ച് ടി.വി.കെ.യിലേക്ക് കൂറുമാറിയ ആളാണ് സത്യഭാമ. എന്നിട്ട് ധാരാപുരത്ത് നടന്ന ടി.വി.കെ. പ്രചാരണയോഗത്തിൽ, മുഖ്യമന്ത്രി വിജയ് എന്ന നടനോടൊപ്പംനിന്ന് കണ്ണീരൊഴുക്കി രാജി ന്യായീകരിക്കാൻ ശ്രമിച്ചതിലൂടെ സത്യഭാമയും ഒരു വലിയ നടിയാണെന്ന് തെളിയിച്ചെന്ന് ഭാനുമതി വിമർശിച്ചു.

പദവിക്കും പണത്തിനും പുറകെ പോയശേഷം നടത്തുന്ന കണ്ണീർ നാടകം ധാരാപുരത്തെ ജനങ്ങൾ വിശ്വസിക്കില്ലെന്നും ഭാനുമതി പറഞ്ഞു. നടിയും അണ്ണാ ഡി.എം.കെ.യുടെ പ്രചാരണവിഭാഗം സെക്രട്ടറിയുമായ വിന്ധ്യയും ധാരാപുരത്ത് പലയിടങ്ങളിലായി ഭാനുമതിക്കായി വോട്ടഭ്യർഥിച്ചു.