മപ്പാട്ടുകരയിലെ റെയിൽവേ അടിപ്പാത നിർമാണം; നടപടികളായി

കുലുക്കല്ലൂർ : പഞ്ചായത്തിലെ മപ്പാട്ടുകരയിൽ റെയിൽവേ അടപ്പാത നിർമാണത്തിനുള്ള നടപടികൾ പൂർത്തിയായി. അടുത്താഴ്ചയോടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. 6.23 കോടി രൂപ ചെലവഴിച്ചാണ് അടിപ്പാത നിർമിക്കുന്നത്. നിർമാണ സാമഗ്രികൾ പദ്ധതി പ്രദേശത്ത് എത്തിച്ചുകഴിഞ്ഞു. നിർമാണ പ്രവൃത്തികൾക്കാവശ്യമായ വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്.
പഞ്ചായത്തിലെ കിഴക്കേ മപ്പാട്ടുകരയെയും പടിഞ്ഞാറെ മപ്പാട്ടുകരയെയും വിഭജിച്ചുകൊണ്ടാണ് ഷൊർണൂർ-നിലമ്പൂർ പാതയിലെ റെയിൽവേ ലൈൻ ഇതിലൂടെ കടന്നുപോകുന്നത്.
നിലവിൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അടിപ്പാതയാണ് ഇവിടെയുള്ളത്. വലിയ വാഹനങ്ങൾക്ക് കൂടി ഗതാഗതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അടിപ്പാത ഇവിടെ നിർമിക്കാൻ പദ്ധതിയായത്. നിലവിലെ അടിപ്പാതയോട് ചേർന്ന് തന്നെയാണ് പുതിയതും നിർമിക്കുക.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ 2024-25 വർഷത്തെ ബജറ്റിൽ ഇതിനായി ഫണ്ട് വകയിരുത്തുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പദ്ധതിരൂപരേഖയ്ക്ക് സർക്കാർ ഭരണാനുമതിയും നൽകി. പദ്ധതിയുടെ പ്രാരംഭ രൂപരേഖ തയ്യറാക്കുന്നതിനായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ.യുടെ പ്രദേശിക വികസന ഫണ്ടും അനുവദിച്ചിരുന്നു. റെയിൽവേയുടെ നേതൃത്വത്തിലാണ് അടിപ്പാത നിർമിക്കുക. ഇതിനാവശ്യമായ തുക റെയിൽവേക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറിൽ തന്നെ കൈമാറിയിരുന്നു. റെയിൽവേയുടെ നേതൃത്വത്തിൽ ദർഘാസ് നടപടികൾ പൂർത്തിയാക്കിയാണ് ഇപ്പോൾ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള നടപടികളായിരിക്കുന്നത്.അടിപ്പാതക്കൊപ്പം ഇവിടേക്ക് എത്താനുള്ള റോഡിന്റെ നിർമാണവും നടത്താനുണ്ട്. ഇതിനായുള്ള സ്ഥലമേറ്റടുപ്പ് നടപടികളും പൂർത്തിയായതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇതിനായുള്ള പ്രവൃത്തികൾ നടത്തുക. ഒന്നരക്കോടിയോളം രൂപ റോഡ് നിർമാണത്തിനായി വേണ്ടിവരുമെന്നാണ് കണക്ക് കൂട്ടൽ.
ഇതിന്റെ നടപടികളും വേഗത്തിലാക്കും. തൂതപ്പുഴയ്ക്ക് കുറുകെ മപ്പാട്ടുകരയിൽ പുതിയ പാലവും ലക്ഷ്യമിടുന്നുണ്ട്. അടിപ്പാ വരുന്നതോടെ പുഴയിൽ പുതിയ പാലവും യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതുകൂടി യാഥാർഥ്യമായാൽ മുളയൻകാവ് ഭാഗത്തുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള യാത്രയും എളുപ്പത്തിലാവും.