മധുരമീനാക്ഷി ക്ഷേത്രം കുംഭാഭിഷേകം; പ്രവേശനം 11,000 പേർക്ക്

പഴനി : മധുരമീനാക്ഷിക്ഷേത്രത്തിൽ വ്യാഴാഴ്ച നടക്കുന്ന മഹാകുംഭാഭിഷേകച്ചടങ്ങിൽ പങ്കെടുക്കാൻ 11,000 പേർക്കുമാത്രമാണ് അനുമതിയെന്ന് ദേവസ്വംവകുപ്പ്. 2000 വി.ഐ.പി.കൾക്കും പാസ് ലഭിച്ചിരിക്കുന്ന 9000 ഭക്തർക്കും ചടങ്ങിൽ നേരിട്ട് പങ്കെടുക്കാം.
കുംഭാഭിഷേകം കഴിഞ്ഞ് പത്തുമണിക്ക് ക്ഷേത്രം ദർശനത്തിനായി തുറന്നുകൊടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നും പത്തുലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരക്ക് മുന്നിൽക്കണ്ട് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി. സുരക്ഷയ്ക്ക് 6500 പോലീസുകാരെ നിയോഗിച്ചു. 800 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. നിരീക്ഷണത്തിന് നാല് ഡ്രോണുകൾ ഉണ്ടാവുമെന്ന് സിറ്റി പോലീസ് കമ്മിഷണർ രാജേന്ദ്രൻ പറഞ്ഞു. ഭക്തർക്കുവേണ്ട കുടിവെള്ളം, ശൗചാലയസൗകര്യം, മെഡിക്കൽ സംഘങ്ങൾ തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
ക്ഷേത്രം അലങ്കരിക്കാൻ അഞ്ചുടൺ പൂക്കൾ
മധുരമീനാക്ഷി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തിന് അലങ്കരിക്കാൻ അഞ്ച് ടൺ പൂക്കൾ. അരളി, ജമന്തി, ആന്തൂറിയം തുടങ്ങി വിവിധയിനം പൂക്കളാണ് എത്തിച്ചിരിക്കുന്നത്. പുതുമണ്ഡപം ഭാഗത്ത് പൂക്കൾകൊണ്ടുള്ള മാലകൾ നിർമിച്ചുതുടങ്ങി.
ക്ഷേത്രവും അഞ്ചു ഗോപുരങ്ങളും മണ്ഡപങ്ങളുമെല്ലാം പൂമാലകൾകൊണ്ട് അലങ്കരിക്കും. പ്രത്യേക പുഷ്പാലങ്കാരവും ഉണ്ടാവും.
തിരുവണ്ണാമല, ചെന്നൈ, ട്രിച്ചി, ദിണ്ടിക്കൽ എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം തൊഴിലാളികളാണ് ഇവ ഒരുക്കുന്നത്. ബുധനാഴ്ചയോടെ അലങ്കാരങ്ങൾ പൂർത്തിയാവും.
ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി രമേഷ്
പഴനി : മധുരമീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് എല്ലാവിധ ഒരുക്കവും പൂർത്തിയായതായി ദേവസ്വംമന്ത്രി എസ്. രമേഷ് പറഞ്ഞു. മധുരയിൽനടന്ന അവലോകന യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
കുംഭാഭിഷേകച്ചടങ്ങിൽ മുൻ മന്ത്രിമാർക്കും എം.എൽ.എ.മാർക്കുമെല്ലാം പാസ് നൽകും. രാഷ്ട്രീയത്തിന്റെ പേരിലുള്ള വിവേചനമുണ്ടാവില്ല. മധുരക്ഷേത്രത്തിന് സ്വന്തമായ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.
പഴനി മുരുകക്ഷേത്രത്തിലെ അനധികൃത ഭൂമിവില്പനയിൽ വകുപ്പുതലത്തിലും പോലീസ്‌തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. ക്ഷേത്രസ്വത്ത് പൂർണമായും സംരക്ഷിക്കും.
ക്രമക്കേട് നടത്താൻ ആരെയും അനുവദിക്കില്ല. മധുരമീനാക്ഷി ക്ഷേത്രത്തിലേക്ക് ആനയെ കൊണ്ടുവന്നതിൽ അപാകമില്ലെന്നും സംഭാവനയായി ലഭിച്ചതാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ നിശാന്ത് കൃഷ്ണ, എം.എൽ.എ.മാരായ എ. കല്ലാണെ, എസ്. കാർത്തികേയൻ, എം.വി. കറുപ്പയ്യ, എം.എം. ഗോപിസൺ, എം. വിജയ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ ടി. നാഗരാജൻ, കമ്മിഷണർ ഗൗരവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.