ധാരാപുരം ഉപതിരഞ്ഞെടുപ്പ്; മണ്ഡലം നിലനിർത്താൻ അണ്ണാ ഡി.എം.കെ.

കോയമ്പത്തൂർ : ധാരാപുരം ഉപതിരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെ.യെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. നാലുമാസംമുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യെ തറപറ്റിച്ച് വൻവിജയം നേടിയെങ്കിലും വിജയിച്ച എം.എൽ.എ. രാജിവെച്ച് മറുകണ്ടം ചാടിയത് അണ്ണാ ഡി.എം.കെ.ക്ക് വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തി നാണക്കേട് മറികടക്കുകയെന്ന ലക്ഷ്യത്തിലാണ് പാർട്ടിയുടെ പ്രചാരണം.
അണ്ണാ ഡി.എം.കെ. നേതാവായിരുന്ന പി. സത്യഭാമയെയാണ് മണ്ഡലംപിടിക്കാൻ അണ്ണാ ഡി.എം.കെ. നാലുമാസംമുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിയോഗിച്ചത്. ഡി.എം.കെ.യെയും ടി.വി.കെ.യും തോൽപ്പിച്ച് 16,727 വോട്ടിന്റെ വൻഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും അധികം വൈകാതെ രാജിവെച്ച് ടി.വി.കെ.യിൽ ചേരുകയായിരുന്നു. അണ്ണാ ഡി.എം.കെ.യിലെ വിമതപക്ഷത്തിലായിരുന്നു സത്യഭാമ. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അണ്ണാ ഡി.എം.കെ. വനിതാവിഭാഗം നേതാവ് കെ. ഭാനുമതിയാണ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഇവർ മത്സരിക്കുന്നത്. മുൻമന്ത്രി ദിണ്ടിക്കൽ ശ്രീനിവാസനാണ് പ്രചാരണച്ചുമതല നൽകിയിരിക്കുന്നത്. പൊള്ളാച്ചി ജയരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ സജീവമായി രംഗത്തുണ്ട്.
നാമനിർദേശപത്രിക കൊടുത്തതോടെ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ. പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വീടുകൾ കയറിയുള്ള വോട്ടുചോദിക്കലാണ് പ്രധാനമായും നടക്കുന്നത്. ചെറിയ പ്രചാരണയോഗങ്ങളുമുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പഴണിസ്വാമിയും ബി.ജെ.പി. നേതാക്കളുമെല്ലാം വരുംദിവസങ്ങളിൽ പ്രചാരണത്തിനെത്തും.
ധാരാപുരം മണ്ഡലം പരമ്പരാഗതമായി അണ്ണാ ഡി.എം.കെ.ക്ക് നല്ല മേൽക്കൈയുള്ള മണ്ഡലമാണ്. ബി.ജെ.പി.ക്കും ഇവിടെ നല്ല വോട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടിനേതൃത്വം. ടി.വി.കെ.യിലേക്ക് കളംമാറിയ പി. സത്യഭാമയ്ക്കെതിരേ ജനരോഷം ഇളക്കിവിട്ട് അതെല്ലാം വോട്ടാക്കിമാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.