ഭീമനാട് ഗവ. യു.പി. സ്‌കൂളിന് ശ്രേഷ്ഠവിദ്യാലയ പുരസ്‌കാരം

അലനല്ലൂർ : മികച്ച വിദ്യാലയങ്ങൾക്കായി അക്കാദമിക് കൗൺസിലും മണ്ണാർക്കാട് പ്രധാനാധ്യാപക ഫോറവും ഏർപ്പെടുത്തിയ ഉപജില്ലാതലത്തിലുള്ള പുരസ്‌കാരം പ്രൈമറിവിഭാഗത്തിൽ ഭീമനാട് ഗവ. യു.പി. സ്‌കൂൾ കരസ്ഥമാക്കി.
വിദ്യാലയത്തിന്റെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായാണ് പുരസ്‌കാരം ലഭിച്ചത്.
കലാ-കായിക പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ, പരിസ്ഥിതിസംരക്ഷണമുൾപ്പെടെയുള്ള സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾക്കും വിദ്യാലയം പ്രത്യേക പ്രാധാന്യം നൽകിവരുന്നു.
മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കറിൽനിന്ന് പ്രധാനാധ്യാപകൻ മുഹമ്മദലി ചാലിയൻ, എസ്.എം.സി. ചെയർമാൻ കെ.കെ. അബ്ദുൾസലാം, എം.പി.ടി.എ. പ്രസിഡന്റ് ജുമൈല ഇന്താലി, പി.ടി.എ. എക്‌സിക്യുട്ടീവ് അംഗം ഇ. ഷിഹാബുദ്ദീൻ, എസ്.ആർ.ജി. കൺവീനർ ടി. ഉമ്മുസൽമ, സ്റ്റാഫ് സെക്രട്ടറി കെ.സി. മുഹമ്മദ് അഷ്‌റഫ്, കെ. വിനോദ് എന്നിവർചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മണ്ണാർക്കാട് ഡി.ഇ.ഒ. അനിത, ഉപജില്ലാ അക്കാദമിക് കൗൺസിൽ കൺവീനർ സിദ്ദീഖ് പാറോക്കോട്ട്, ജോ. കൺവീനർ യൂസഫ് പുല്ലിക്കുന്നൻ എന്നിവർ സംസാരിച്ചു.