ദീപാവലിത്തിരക്ക്; ആവശ്യത്തിന് ബസുകളില്ലാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു

തിരുപ്പൂർ : തിരുപ്പൂർ പുതിയ ബസ് നിലയത്തിൽനിന്ന് ദീപാവലി അവധിക്ക് നാട്ടിലേക്കുപോകാൻ ആവശ്യത്തിന് ബസുകളില്ലാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഗോപിചെട്ടിപ്പാളയം ഭാഗത്തേക്കുള്ള ബസ് വരാത്തത്തിനെത്തുടർന്നായിരുന്നു യാത്രക്കാർ പ്രതിഷേധിച്ചത്. ഗോപിചെട്ടിപ്പാളയം, ഈറോഡ്, കോയമ്പത്തൂർ തുടങ്ങിയ ഹ്രസ്വദൂരസർവീസുകൾ ആവശ്യത്തിന് നടത്താതെ നാഗർകോവിൽ, തൂത്തുക്കുടി, തിരുനെൽവേലി, ചെന്നൈ തുടങ്ങിയ ദീർഘദൂര സ്പെഷ്യൽ ബസുകൾ മാത്രം ഓടിക്കാനാണ് അധികൃതർ ശ്രദ്ധിച്ചതെന്ന് ജനങ്ങൾ കുറ്റപ്പെടുത്തി. സമാധാനിപ്പിക്കാൻ ശ്രമിച്ച പോലീസും യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. എതിർപ്പ് കടുത്തതോടെ തമിഴ്നാട് ഗതാഗത കോർപറേഷൻ ഉദ്യോഗസ്ഥർ ഗോപിചെട്ടിപ്പാളയത്തേക്ക് ബസ് ഏർപ്പാടാക്കി.