നടപ്പാതയിൽ സ്ലാബുകളില്ല, സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്

മനിശ്ശീരി : കണ്ണിയംപുറത്ത് റോഡിന് വശത്തെ അരികുചാലിന് മുകളിലൂടെ നടക്കുന്നവർ സൂക്ഷിക്കുക. പലഭാഗത്തും ചാലിന് സ്ലാബില്ലാത്തതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്. കണ്ണിയംപുറം സെവൻന്ത് ഡേ ഹയർസെക്കൻഡറി സ്കൂളിനുമുന്നിൽ രണ്ടിടത്താണ് ചാലിനു മുകളിൽ സ്ലാബില്ലാതെ കിടക്കുന്നത്. ഇവിടെ ചാലിൽവീണ് കൂനത്തറ സ്വദേശിനി മേരിക്ക് (64) കാലിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
രാത്രിയിൽ ഇതുവഴി കാൽനടയാത്ര ചെയ്യുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ശക്തമായ മഴപെയ്താൽ ഇവിടെ റോഡിൽ വെള്ളം ഉണ്ടാകാറുണ്ട്. വാഹനങ്ങൾ വേഗം ഇതുവഴി വരുന്നതിനാൽ റോഡിലൂടെ നടന്നാൽ കാൽനടയാത്രക്കാർക്ക് മേൽ വെള്ളം തെറിക്കുന്നതും പതിവാണ്.
ഇതോടെ ഇതുവഴി കാൽനടയാത്രികർ ചാലിനുമുകളിലൂടെയാണ് നടക്കാറുള്ളത്. സ്കൂളിന് മുൻവശം രണ്ടിടങ്ങളിലാണ് ചാലിനുമുകളിൽ സ്ലാബ് ഇല്ലാതെ കിടക്കുന്നത്. രാത്രിയിൽ പല ഭാഗത്തും തെരുവുവിളക്ക് ഇല്ലാത്ത സ്ഥിതിയുമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്കൂൾ വിദ്യാർഥികൾ ദിനംപ്രതി സഞ്ചരിക്കുന്ന വഴികളിലാണ് അപകടഭീഷണിയായി സ്ലാബുകൾ തകർന്നിരിക്കുന്നത്. നടപ്പാതയ്ക്ക് മുകളിലെ സ്ലാബുകൾ തകർന്നുകിടക്കുന്നത് പരിശോധിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അധികൃതർ പറഞ്ഞു.