അട്ടപ്പാടിയിൽ വൻ കഞ്ചാവുവേട്ട: 1566 ചെടികൾ നശിപ്പിച്ചു

അഗളി : അട്ടപ്പാടിയിൽ എക്സൈസ്, വനംവകുപ്പുകൾ സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തണ്ടറി’ൽ, വ്യാപകമായി കഞ്ചാവുകൃഷി കണ്ടെത്തി നശിപ്പിച്ചു. 1566 ചെടികളാണ് നശിപ്പിച്ചത്.

പാടവയൽ വില്ലേജിൽ കടുകുമണ്ണ ഭാഗത്ത് അച്ചൻവെട്ടുമലയിലാണ് കഞ്ചാവുചെടികൾ കണ്ടെത്തിയത്. മുക്കാലി ഫോറസ്റ്റ് സ്റ്റേഷന്റെ ബ്ലോക്ക്-രണ്ട് പരിധിയിൽ, കടുകുമണ്ണ ഊരിൽനിന്ന് നാലുകിലോമീറ്റർ വടക്ക് വനത്തിനുള്ളിൽ ആറു തോട്ടങ്ങളിലായിരുന്നു കഞ്ചാവുകൃഷി.ചെങ്കുത്തായ മലയിടുക്കിലൂടെ കാൽനടയായി ഉൾവനത്തിലേക്ക് എത്തിയാണ് സംഘം പരിശോധന നടത്തിയത്. അഗളി എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.ബി. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിഷ്ണു ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സമോദ്, പ്രമോദ്, ചന്ദ്രൻ, എക്സൈസ് ഇന്റലിജൻസ് വിഭാഗം, മുക്കാലി വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിപിന, വിസ്മയ, ഇംറാൻ ഖാൻ, വാച്ചർമാരായ മണി, രങ്കൻ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

അട്ടപ്പാടി വനമേഖലയിലും തമിഴ്‌നാട് അതിർത്തിമേഖലയിലും കഞ്ചാവുകൃഷി നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.