കോയമ്പത്തൂരിൽ ശുചീകരണത്തൊഴിലാളികൾ സമരത്തിൽ

മാലിന്യംനീക്കൽ പ്രതിസന്ധിയിൽ

കോയമ്പത്തൂർ : ദീപാവലി ആഘോഷത്തിനുപിന്നാലെ വേതനവർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കോയമ്പത്തൂർ കോർപ്പറേഷനിലെ താത്കാലിക ശുചീകരണത്തൊഴിലാളികൾ സമരം തുടങ്ങി. ആറ്‌ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള 4000-ത്തോളം തൊഴിലാളികളാണ് സമരം തുടങ്ങിയത്. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സർക്കാർ അനുവദിച്ച 798 രൂപ ദിവസവേതനം നൽകുക, അർഹതപ്പെട്ട ബോണസ് വിതരണംചെയ്യുക, സമയബന്ധിതമായി വേതനം നൽകുക, ഇ.എസ്.ഐ.-പി.എഫ്. ആനുകൂല്യങ്ങൾ കൃത്യമായി നൽകുക തുടങ്ങിയ 32 ആവശ്യങ്ങളുന്നയിച്ചാണ് സമരം. നേരത്തേ പലതവണ സമരംചെയ്തിരുന്നെങ്കിലും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. ദീപാവലി ആഘോഷത്തിനുശേഷം നിരത്തുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് മുന്നിൽക്കണ്ടാണ് സമ്മർദതന്ത്രമെന്നനിലയ്ക്ക് സമരം പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കോർപ്പറേഷൻ കമ്മിഷണർക്ക് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ തിങ്കളാഴ്ചതന്നെ സൂചനാസമരം തുടങ്ങി. ചൊവ്വാഴ്ചമുതൽ സമരം ശക്തമാക്കുകയും ചെയ്തു. നൂറുകണക്കിന് തൊഴിലാളികൾ കോർപ്പറേഷൻ ഓഫീസിന്റെ മുന്നിലിരുന്നാണ് സമരംചെയ്യുന്നത്.

കോയമ്പത്തൂർ കോർപ്പറേഷനിൽ 1000-ത്തോളം ശുചീകരണത്തൊഴിലാളികളും 5500 കരാർ തൊഴിലാളികളുമാണുള്ളത്. 100 വാർഡുകളിലായി ദിവസം 1200 ടൺ മാലിന്യം നീക്കണം. ഇതിൽ താത്കാലിക തൊഴിലാളികൾ പണിമുടക്കിയതോടെ സ്ഥിരംതൊഴിലാളികൾമാത്രമാണ് മാലിന്യം നീക്കാൻ രംഗത്തുള്ളത്. ഇവർ 24 മണിക്കൂറും പ്രവർത്തിച്ചാണ് പടക്കങ്ങൾ പൊട്ടിച്ചതിന്റെയും മറ്റും മാലിന്യം നീക്കുന്നത്.

മറ്റു മാലിന്യമെല്ലാം നിരത്തുകളിൽ കൂടിക്കിടക്കുന്നുണ്ട്. സമരം തുടർന്നാൽ നഗരത്തിലെ മാലിന്യംനീക്കൽ പൂർണമായുംനിലയ്ക്കും.