മലമ്പുഴ ഉദ്യാനം ക്രിസ്മസിനുമുൻപ് തുറക്കണം -സുരേഷ് ഗോപി

പാലക്കാട് : മലമ്പുഴ ഉദ്യാനം ക്രിസ്മസിനുമുൻപ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിർദേശം. തിങ്കളാഴ്ച രാവിലെ ഉദ്യാനം സന്ദർശിച്ച് പണി വിലയിരുത്തിയശേഷമാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. കേന്ദ്രസർക്കാരിന്റെ ‘സ്വദേശ് ദർശൻ-2.0’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉദ്യാനം നവീകരിക്കുന്നത്.

നിലവിൽ പണി വേഗം പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 35 ശതമാനം പണികൾ പൂർത്തിയായി. 30 ശതമാനം നടക്കുന്നുണ്ട്. ഡിസംബർ ഒന്നിനുതന്നെ ഉദ്യാനം തുറക്കുംവിധത്തിലാണ് മുന്നോട്ടുപോകുന്നത്. പണിപൂർത്തിയാക്കി ക്രിസ്മസിനുള്ളിൽത്തന്നെ ഉദ്യാനം തുറക്കുകയാണ് ലക്ഷ്യമെന്നും അതിൽ വീഴ്ചവരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പഴ്സ് കീറുമെന്നും മന്ത്രി പറഞ്ഞു.

നവീകരണം മെല്ലപ്പോക്കിലാണെന്ന ആരോപണത്തെത്തുടർന്ന് ഓഗസ്റ്റിലും സുരേഷ് ഗോപി ഉദ്യാനം സന്ദർശിച്ചിരുന്നു. അന്ന് വെറും മൂന്നുശതമാനം പണികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നു മനസ്സിലാക്കിയ മന്ത്രി ഡിസംബർ 31-നകം പണി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ പുരോഗതി വിലയിരുത്താനാണ് തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ വീണ്ടും ഉദ്യാനത്തിലെത്തിയത്. വി.കെ. ശ്രീകണ്ഠൻ എം.പി., എ. പ്രഭാകരൻ എം.എൽ.എ., ജില്ലാ കളക്ടർ കെ. സുധീർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

‘75.87 കോടിയോളം രൂപ ചെലവിട്ടുള്ള നവീകരണം കഴിഞ്ഞ മാർച്ചിനുള്ളിൽ പൂർത്തിയാകേണ്ടതായിരുന്നു. ഒന്നരവർഷത്തോളം പാഴായി. ഉദ്യാനം അനിശ്ചിതമായി അടച്ചിട്ടത്, അതുകൊണ്ട് ഉപജീവനം നടത്തുന്നവരോട് കാണിച്ച അപമര്യാദയാണ്. എന്തെങ്കിലും പ്രവൃത്തികൾ നടത്താൻ ഫണ്ട് മതിയായില്ലെങ്കിൽ അക്കാര്യം അപ്പോൾ ആലോചിക്കും. കേബിൾ കാർ, ടോയ് ട്രെയിൻ, ഡാം ചുമരിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പോലുള്ളവ സജ്ജീകരിക്കേണ്ടതാണ്‌’-മന്ത്രി നിർദേശിച്ചു.

ബി.ജെ.പി. നേതാക്കളായ സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ, ഇ. കൃഷ്ണദാസ്, പ്രമീളാ ശശിധരൻ എന്നിവരും പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായി.

സുരേഷ് ഗോപിയുടെ സിനിമ മലമ്പുഴയിൽ ചിത്രീകരിക്കണമെന്ന് എ. പ്രഭാകരൻ, എല്ലാ സിനിമകളും വരട്ടെ എന്ന് മന്ത്രി

മലമ്പുഴ ഉദ്യാന നവീകരണം പൂർത്തിയായാൽ കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയുടെ സിനിമയുടെ ചിത്രീകരണം മലമ്പുഴയിൽ നടത്തണമെന്ന ആഗ്രഹം മന്ത്രിയോട് പങ്കിട്ട് എ. പ്രഭാകരൻ എം.എൽ.എ.. എന്നാൽ തന്റെ മാത്രമല്ല, വമ്പൻ സിനിമകൾ ഇവിടെ വരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തന്റെ ‘സാദരം’ സിനിമ മലമ്പുഴയിൽ ചിത്രീകരിച്ചിരുന്നുവെന്ന് അദ്ദേഹം ഓർത്തു.