കൊല്ലങ്കോട്ടെ പട്ടികവർഗ കുടുംബങ്ങളുടെ ജാതിസർട്ടിഫിക്കറ്റ് പ്രശ്നം ഉടൻ പരിഹരിക്കും- മന്ത്രി കെ.എ. തുളസി

ഇന്ന് പ്രസിദ്ധീകരിച്ച മാതൃഭൂമി വാർത്തയുടെ കട്ടിങ്
ഇന്ന് പ്രസിദ്ധീകരിച്ച മാതൃഭൂമി വാർത്തയുടെ കട്ടിങ്

കൊല്ലങ്കോട്: കൊല്ലങ്കോട് മേഖലയിലെ 'ഇരവാളൻ' വിഭാഗത്തിൽപ്പെട്ട പട്ടികവർഗ കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു. കൊല്ലങ്കോട് മേഖലയിൽ ഈ വിഭാഗത്തിൽപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് 2016 മുതൽ പട്ടികവർഗം എന്ന വിഭാഗത്തിലുൾപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിന്റെയും ഇതുമൂലം കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് മാതൃഭുമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിപറയുന്നതിനിടെയാണ് സർട്ടിഫിക്കറ്റ് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചത്. കിർത്താഡ്‌സുമായി ഇക്കാര്യം സംസാരിച്ച്‌ 'ഇരവാളൻ' വിഭാഗത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻവേണ്ട പുനഃക്രമീകരണം നടത്തുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം കാര്യങ്ങൾ കൊണ്ടുപോകാനാണ് സർക്കാരും വകുപ്പും ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Content Highlights: Minister KA Thulasi announced that the caste certificate issue of Eravalan tribal families in Kollengode will be resolved soon.