ട്രംപിനേറ്റ കനത്ത തിരിച്ചടി; ഹെഗ്‌സെത്തും റൂബിയോയും രാജിക്കില്ല; വൈറ്റ്ഹൗസിൽ അഴിച്ചുപണി, സൂസി വൈൽസ് പുറത്ത്

#ന്യൂസ് ഡെസ്ക്
ഡോണാൾഡ് ട്രംപ് | Photo: AFP
ഡോണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പുഫലം ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായതോടെ യു.എസ്. പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും രാജിവെച്ചേക്കുമെന്ന അഭ്യൂഹം വൈറ്റ്ഹൗസ് തള്ളി. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുംവരെ ഇരുവരും പദവിയിൽ തുടരും.

ഇറാൻ യുദ്ധം കൈകാര്യം ചെയ്യുന്നതിൽ ഹെഗ്‌സെത്ത് പരാജയപ്പെട്ടെന്നുകാട്ടി പദവി ഒഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മാർക്കോ റൂബിയോ സ്ഥാനമൊഴിയുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, സെന്റ്‌കോം ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരിലൊരാളെ പുറത്താക്കാൻ ട്രംപ് പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. യു.എസ്. നീതിന്യായവകുപ്പിലെ പൗരാവകാശവിഭാഗം മേധാവിയും ഇന്ത്യൻ വംശജയുമായ ഹർമീത് ധിലൻ രാജിവെച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം റിപ്പബ്ലിക്കൻ ചേരിയിലെ ആദ്യ രാജിയാണിത്.

വൈറ്റ്ഹൗസിൽ അഴിച്ചുപണി, സൂസി വൈൽസ് പുറത്ത്

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്കുപിന്നാലെ വൈറ്റ്ഹൗസിൽ നിർണായക അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ മാറ്റി പകരം സ്റ്റീഫൻ മില്ലറെ നിയമിച്ചു. വെള്ളിയാഴ്ചയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്രംപിന്റെ ദീർഘകാലവിശ്വസ്തയും വൈറ്റ്ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തിയ ആദ്യവനിതയുമാണ് സൂസി. പടിയിറങ്ങുന്നതിൽ അഭിമാനമുണ്ടെന്നും ട്രംപിനോടും അദ്ദേഹത്തിന്റെ ദൗത്യത്തോടുമുള്ള പ്രതിബദ്ധത തുടരുമെന്നും അവർ പ്രതികരിച്ചു.

ട്രംപിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും ഉപദേശകരിലൊരാളുമാണ് സ്റ്റീഫൻ മില്ലർ. 2016-ലെ ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പ്രസംഗരചയിതാവായാണ് ടീമിലെത്തിയത്.

നിലവിൽ വൈറ്റ്ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിക്കുന്ന മില്ലർ ട്രംപ് ഭരണകൂടത്തിന്റെ കർശന കുടിയേറ്റനയങ്ങളുടെ പ്രധാന ശില്പികളിലൊരാളാണ്.

Content Highlights: White House Chief of Staff Susie Wiles replaced by Stephen Miller following US midterm election setbacks., White House denies rumors of resignations from Defense Secretary Pete Hegseth and Secretary of State Marco Rubio., Harmeet Dhillon, head of the civil rights division at the US Justice Department, has resigned.