'എന്റെ കുട്ടികള്‍ വളരേണ്ടത് ഇന്ത്യയിലല്ല, അമേരിക്കയിൽ'; ഇന്ത്യാവിരുദ്ധ പരാമര്‍ശം, വ്യാപാരിയെ പള്ളിയില്‍നിന്ന് പുറത്താക്കി

ഡാനിയേല്‍ | Photo Courtesy: x.com/Djkeene1
ഡാനിയേല്‍ | Photo Courtesy: x.com/Djkeene1

വാഷിങ്ടണ്‍: യുഎസിലെ ഗണേശചതുര്‍ഥി ഘോഷയാത്രയെയും ഇന്ത്യക്കാരുടെ കുടിയേറ്റത്തെയും വിമര്‍ശിച്ചയാളെ പള്ളിയില്‍നിന്ന് പുറത്താക്കി. ടെക്‌സാസില്‍ താമസിക്കുന്ന ബിസിനസുകാരനായ ഡാനിയേല്‍ കീനെതിരെയാണ്  നടപടി സ്വീകരിച്ചത്. ഇയാള്‍ സ്ഥിരമായി പോയിരുന്ന ജിംനേഷ്യവും ഇയാളുടെ അംഗത്വം റദ്ദാക്കിയിട്ടുണ്ട്.

ഡാലസില്‍ നടന്ന ഗണേശചതുര്‍ഥി ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ഡാനിയേല്‍ സാമൂഹികമാധ്യമത്തിലൂടെ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയത്. ''നമ്മള്‍ എച്ച്1 ബി വിസ റദ്ദാക്കണം. എന്റെ കുട്ടികള്‍ ഇന്ത്യയില്‍ അല്ല, അമേരിക്കയിലാണ് വളരേണ്ടത്'' എന്നായിരുന്നു ഇയാള്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഇതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ ഇയാള്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു. പക്ഷേ, തന്റെ പരാമര്‍ശത്തില്‍ മാപ്പ് തയ്യാറയല്ലെന്നും ഡാനിയേല്‍ വ്യക്തമാക്കി.

ഡാനിയേലിന്റെ പരാമര്‍ശം വ്യാപകമായ പ്രതിഷേധത്തിന് കാരണമായതോടെ ഇത് പാപകരമായ പ്രവൃത്തിയാണെന്നും മാപ്പ് പറയണമെന്നും പള്ളി അധികൃതര്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ക്ഷമാപണം നടത്തില്ലെന്നായിരുന്നു ഡാനിയേലിന്റെ മറുപടി. കുടിയേറ്റവുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇയാള്‍ പറഞ്ഞു. ഇതോടെയാണ് പള്ളിയില്‍നിന്ന് ഇയാളെ പുറത്താക്കിയത്. ഡാനിയേല്‍ സ്ഥിരമായി പോയിരുന്ന ജിംനേഷ്യം അധികൃതര്‍ ഇയാളുടെ ജിം അംഗത്വവും റദ്ദാക്കി. മാത്രമല്ല, ഇന്ത്യാവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ ഡാനിയേലിന്റെ ബിസിനസ് സംരംഭങ്ങള്‍ക്കെതിരേയും പ്രതിഷേധമുയര്‍ന്നു. ഡാനിയേലിന്റെ ഉടമസ്ഥതിയിലുള്ള കീന്‍സ് കഫെ, ബൗണ്ടറീസ് കഫെ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ ഓണ്‍ലൈനില്‍ കൂട്ടത്തോടെ മോശം റിവ്യൂ രേഖപ്പെടുത്തിയും മറ്റുമാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്.

Content Highlights: A businessman in Texas was expelled from his church and gym for making anti-Indian remarks and criticizing the Ganesh Chaturthi procession. His businesses also faced backlash.