വിമാനവാഹിനിക്കപ്പലും മിസൈൽപ്രതിരോധ സംവിധാനങ്ങളും; ഇറാനെതിരേ യുഎസിന്റെ സൈനികവിന്യാസമെന്ന് റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ്, അയത്തുള്ള അലി ഖമേനി | Photo: PTI
ഡൊണാൾഡ് ട്രംപ്, അയത്തുള്ള അലി ഖമേനി | Photo: PTI

വാഷിങ്ടൺ: ഇറാനിൽ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ഇറാനെതിരെ യുഎസ് സൈനികനീക്കം ശക്തമാകുന്നതായി റിപ്പോർട്ട്. ഇറാനിലെ പ്രതിഷേധക്കാർ കൊല്ലപ്പെടുന്നതിനെതിരേ സൈനിക നടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ച  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് യുഎസ് സൈനിക വിന്യാസത്തിന് തുടക്കമായത്.

യുഎസ് നാവികസേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും ഉൾപ്പെട്ട സൈനികവിഭാഗം അറബിക്കടലിലേക്കോ പേർഷ്യൻ ഗൾഫ് മേഖലയിലേക്കോ ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ കപ്പലുകളുടെ കൃത്യമായ സ്ഥാനം അറിയാൻ സാധിക്കുന്ന എഐഎസ് ട്രാക്കിങ് സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ് .

ഇതിനുപുറമെ, ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ നേരിടാൻ മുൻപ് നിയോഗിച്ചിരുന്ന എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം തന്നെ പശ്ചിമേഷ്യയിൽ എത്തിക്കഴിഞ്ഞു. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന കെസി-135 വിമാനങ്ങളും ഇസ്രായേൽ, ഖത്തർ എന്നിവിടങ്ങളിൽനിന്ന് താഡ്, പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുഎസ് വിന്യസിച്ചിട്ടുണ്ട്.

ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭങ്ങളിൽ വൻതോതിലുള്ള അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 3117 പേർ കൊല്ലപ്പെട്ടതായാണ് പറയുന്നതെങ്കിലും മരണസംഖ്യ 20000 കടന്നേക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഇറാൻ പ്രതിസന്ധി നേരിടാൻ പല തലങ്ങളിലുള്ള സൈനിക നടപടികളാണ് യുഎസ് ആസൂത്രണം ചെയ്യുന്നത്. തുടക്കത്തിൽ, മിസൈലുകളും ഡ്രോണുകളും തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങളാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യം വഷളായാൽ ഇറാന്റെ ആണവനിലയങ്ങളെ നേരിട്ട് ആക്രമിക്കുന്നതും ഭരണകൂട മാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളും യുഎസിന്റെ പരിഗണനയിലുണ്ട്.  വിമാനവാഹിനിക്കപ്പലുകളുടെ നീക്കവും ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയതും വേണ്ടിവന്നാൽ കടുത്ത ആക്രമണത്തിലേക്ക് കടന്നേക്കുമെന്നതിന്‍റെ സൂചനകളായി വിലയിരുത്തപ്പെടുന്നു.

അതിനിടെ, ഇറാൻ തിരിച്ചടിക്കാനുള്ള ഒരുക്കം നടത്തുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസും ഇസ്രായേലും ചേർന്ന് ഇറാനിൽ പ്രക്ഷോഭമുണ്ടാക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആരോപിച്ചു. നേരിട്ടുള്ള യുദ്ധത്തിന് ഇറാൻ മുതിരാൻ സാധ്യതയില്ലെങ്കിലും ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിച്ച് പരോക്ഷമായ ആക്രമണങ്ങൾക്ക് ഇറാൻ ശ്രമിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തി ആഗോള എണ്ണവില വർധിപ്പിക്കാനുള്ള സാമ്പത്തിക ആയുധവും ഇറാന്റെ പക്കലുണ്ട്.

അമേരിക്ക- ഇറാൻ സംഘർഷത്തിൽ ഇസ്രായേൽ ഒരു പ്രധാന ഘടകമായി മാറുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇറാന്റെ ആക്രമണമുണ്ടായാൽ ഇസ്രായേലിന്റെ ഐറൺ ഡോം, ആരോ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ യുഎസിന് നിർണായകമാകും. എന്നാൽ, ഗാസയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് ഇസ്രായേൽ തയ്യാറായേക്കില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടൽ.

Content Highlights: US deploys carrier strike group & warplanes to the Persian Gulf as Iran protests escalate. Trump warns of retaliation for protester deaths.