പോരുന്നോ കൂടെ? ഗ്രീൻലൻഡിലെ ജനങ്ങളെ പണം നൽകി വശത്താക്കാൻ ട്രംപിന് പദ്ധതി?

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | ഗ്രീൻലൻഡ് | Photos: AFP
ഡൊണാൾഡ് ട്രംപ് | ഗ്രീൻലൻഡ് | Photos: AFP

വാഷിങ്ടൺ: ഗ്രീൻലൻഡിലെ താമസക്കാർക്ക് നേരിട്ട് പണം നൽകി ഡെൻമാർക്കിൽനിന്ന് വേർപെടാൻ പ്രേരിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് ഭരണകൂടം ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ആരോപിച്ച് ഗ്രീൻലൻഡിനെ പിടിച്ചെടുത്ത് അമേരിക്കയോട് ചേർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾക്കിടയിലാണ് ഈ റിപ്പോർട്ട് വരുന്നത്.

വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും മറ്റ് ഉയർന്ന യുഎസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചകളിൽ ഗ്രീൻലാൻഡിനെ യുഎസ് നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ദീർഘകാല നീക്കത്തിന്റെ ഭാഗമായുള്ള സാധ്യതകളിൽ ഒന്നായാണ് ഈ ആശയം ഉയർന്നുവന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ ആശയം ഗ്രീൻലൻഡിലെയും യൂറോപ്പിലെയും നേതാക്കളിൽനിന്ന് കടുത്ത എതിർപ്പിന് പാത്രമായിട്ടുണ്ട് എന്നാണ് വിവരം.

റിപ്പോർട്ട് അനുസരിച്ച്, ഡെൻമാർക്കിൽനിന്ന് വേർപെടുന്നതിനും അമേരിക്കയുമായി കൂടുതൽ അടുക്കുന്നതിനും ഗ്രീൻലൻഡുകാരെ പ്രേരിപ്പിക്കാൻ യുഎസ് ഉദ്യോഗസ്ഥർ ഒരുമിച്ചുള്ള പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. ഓരോ വ്യക്തിക്കും 10,000 ഡോളറിനും 100,000 ഡോളറിനും ഇടയിലുള്ള തുകയാണ്‌ ചർച്ചയായതെന്ന് രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഇക്കാര്യത്തിൽ അന്തിമ നിർദ്ദേശം തയ്യാറാക്കിയിട്ടില്ലെന്നാണ് വിവരം. ഇത്തരം പേയ്‌മെന്റുകളുടെ നിബന്ധനകളും അവയുടെ സംവിധാനങ്ങളും ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും, നിലവിലെ ചർച്ചകൾ താൽക്കാലികമാണെന്നും ചില വലിയ ചർച്ചകളുടെ ഭാഗമാണെന്നും വ്യക്തമാണ്. എന്നാൽ, ഗ്രീൻലൻഡിലെ 57,000 ആളുകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകാനുള്ള ആശയം നിലവിൽ ഒരു നിർദേശം മാത്രമാണ്.

അതേസമയം, അന്താരാഷ്ട്ര നിയമം തന്റെ അധികാരം പരിമിതപ്പെടുത്തുന്നില്ല എന്നാണ് ട്രംപിന്റെ നിലപാട്. 'അമേരിക്ക ഗ്രീൻലൻഡ് മുഴുവൻ ഉടമസ്ഥാവകാശം നേടണം. അല്ലാതെ, അവിടെ സൈനികകേന്ദ്രങ്ങൾ സ്ഥാപിക്കാൻ വാഷിങ്ടണിന് അനുമതി നൽകുന്ന നിലവിലുള്ള ഉടമ്പടി അവകാശങ്ങളെ ആശ്രയിക്കരുത്.' ന്യൂയോർക്ക് ടൈംസ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച  അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

Content Highlights: US reportedly considering offering direct cash payments to Greenland residents to persuade them to separate from Denmark and align with the US. Learn more about the controversial proposal.