'യുദ്ധസ്പോൺസർമാരായ ഇന്ത്യക്കെതിരേ കൂടുതൽ തീരുവ ചുമത്തണം'; വീണ്ടും ഇന്ത്യക്കെതിരേ തിരിഞ്ഞ് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസഡന്റ് ഡോണാൾഡ് ട്രംമ്പും | Photo: AFP
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസഡന്റ് ഡോണാൾഡ് ട്രംമ്പും | Photo: AFP

യുഎൻ: യുക്രൈനുനേരേ യുദ്ധം നയിക്കാൻ റഷ്യയെ സഹായിക്കുന്ന പ്രധാന സാമ്പത്തികസ്രോതസ്സുകൾ ഇന്ത്യയും ചൈനയുമാണെന്ന് യുഎന്നിൽ ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച യുഎൻ പൊതുസഭാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധസ്പോൺസർമാരായ ഇന്ത്യക്കും ചൈനയ്ക്കുമെതിരേ കൂടുതൽ തീരുവ ചുമത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു. നേരത്തേ, ഇതേകാര്യം നാറ്റോയിലെ സഖ്യകക്ഷികളോടും ജി-7 രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻയുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യക്ക്‌ യുഎസ് 25 ശതമാനം പിഴത്തീരുവ ചുമത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് നിർത്താനും യൂറോപ്യൻ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അതുനിർത്തില്ലെന്ന് ഹംഗറി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്.

ബന്ദികളെ മോചിപ്പിക്കാൻപോലും ഹമാസുകാർ സമ്മതിക്കാത്ത പശ്ചാത്തലത്തിൽ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നത് ‘ഒക്ടോബർ ഏഴ്’ ആക്രമണമുൾപ്പെടെയുള്ള ഹമാസിന്റെ ക്രൂരതയ്ക്കുള്ള സമ്മാനമാണെന്ന് ട്രംപ് പറഞ്ഞു.

ജനുവരിയിൽ അധികാരത്തിലെത്തിയശേഷം ട്രംപ് ആദ്യമായാണ് ഐക്യരാഷ്ട്രസഭയെ അഭിസംബോധനചെയ്യുന്നത്.

മാക്രോണിനെ റോഡിൽ തടഞ്ഞു

: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതുസംബന്ധിച്ച് യുഎൻ പൊതുസഭയിൽ നിർണായകപ്രസംഗം നടത്തി മടങ്ങിയ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെയും സംഘത്തെയും റോഡിൽ തടഞ്ഞ് ന്യൂയോർക്ക് പോലീസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹത്തിനു വഴിയൊരുക്കുന്നതിനായാണ് ന്യൂയോർക്ക് പോലീസ് എല്ലാ വഴികളുമടച്ചത്. തിങ്കളാഴ്ച മാൻഹട്ടണിലെ ടർട്ടിൽ ബേയിലുള്ള യുഎൻ ആസ്ഥാനത്തുനിന്ന് 934 ഫിഫ്ത്ത് അവന്യൂവിലെ ഫ്രഞ്ച് എംബസിയിലേക്ക് മടങ്ങുന്നവഴിയാണ് സംഭവം. ഒന്നരക്കിലോമീറ്ററാണ് ഇവ തമ്മിലുള്ള ദൂരം.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അങ്കലാപ്പിലായ മാക്രോൺ സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുക്കാതെ കാറിൽനിന്ന് പുറത്തിറങ്ങി. റോഡ് അടച്ചിട്ടിരിക്കുന്നതെന്താണെന്ന് പോലീസിനോടു ചെന്നുചോദിച്ചു. അതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ‘സോറി മിസ്റ്റർ പ്രസിഡന്റ്, എല്ലാവഴികളും അടച്ചിരിക്കുകയാണെ’ന്ന് പോലീസുകാരൻ മാക്രോണിനോട് പറയുന്നത് കേൾക്കാം.

ട്രംപിനുപോകാനാണ് ഈ സജ്ജീകരണങ്ങളെന്നുകേട്ടതും മാക്രോൺ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ബാരിക്കേഡിന് സമീപത്തുനിന്ന് ന്യൂയോർക്കുകാർ നോക്കിനിൽക്കേ മാക്രോൺ ട്രംപുമായി സംസാരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. സരസമായിരുന്നു സംസാരം. “ഹൗ ആർ യു. വിളിച്ചതിന്റെ കാരണം ഊഹിക്കാമോ, നിങ്ങൾക്കുവേണ്ടി ഇവിടെ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഞാൻ ഈ തെരുവിൽ കാത്തുനിൽക്കുന്നു” -മാക്രോൺ പറഞ്ഞു.

പക്ഷേ, ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയശേഷവും കാൽനടയാത്രക്കാർക്കു മാത്രമാണ് റോഡു തുറന്നുനൽകിയത്. ഇതോടെ കാറിൽ തിരിച്ചുകയറാതെ ശേഷിച്ച ദൂരം ഫോണിൽ സംസാരം തുടർന്നുകൊണ്ട് മാക്രോൺ കാൽനടയായി സഞ്ചരിച്ചു.

സുരക്ഷാ അകമ്പടിയോ മറ്റുകോലാഹലങ്ങളോ കൂടാതെ സാധാരണക്കാരനെപ്പോലെ ഫ്രഞ്ച് പ്രസിഡന്റ് തെരുവിലൂടെ നടന്നുപോകുന്നത് ന്യൂയോർക്കുകാർക്ക് അപൂർവകാഴ്ചയായി.

പോകുംവഴിക്ക് പലരുടെയും സെൽഫിക്കും ഫോട്ടോയ്ക്കും പോസ് ചെയ്തു. ഒരാൾ മാക്രോണിന്റെ നെറ്റിയിൽ ഉമ്മവെച്ചെന്ന് ‘ലാ ദെപെഷ്’ റിപ്പോർട്ടുചെയ്തു.

Content Highlights: Trump Accuses India, China of Aiding Russia's War in Ukraine at UN General Assembly