പാകിസ്താനിൽ വൻ സംഘർഷാവസ്ഥ; തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോകൽ, പാലത്തിൽ ലോഹ ആണികൾ, കണ്ടെയ്‌നറുകൾകൊണ്ട് മറച്ച തലസ്ഥാനം

#ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ അനുയായികൾ സംഘടിപ്പിക്കുന്ന വൻ പ്രതിഷേധ മാർച്ചിനെ നേരിടാൻ അതീവ ജാഗ്രതയിലാണ് പാകിസ്താൻ സർക്കാർ. തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള പ്രധാന പാതകളെല്ലാം കണ്ടെയ്‌നറുകളും മുള്ളുവേലികളും ഉപയോഗിച്ച് പൂർണമായും അടച്ചിരിക്കുകയാണ്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും കൂടാതെ ഇമ്രാൻ ഖാന്റെ സഹോദരിമാരെയും അധികൃതർ തടങ്കലിലാക്കിയതായാണ് വിവരം.

ഏതാണ്ട് മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് നഗരത്തിലെ ആശുപത്രികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ അസ്ഥിരത രൂക്ഷമായ ഈ സാഹചര്യത്തിൽ, രാജ്യത്തെ പ്രധാന പാലങ്ങളിലും റോഡുകളിലും ഗതാഗത തടസ്സങ്ങൾ ഏർപ്പെടുത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി പാകിസ്താനിലെ അറ്റക് പാലത്തിൽ (Attock Bridge) ലോഹ ആണികൾ നിരത്തിയിട്ടുണ്ട്. ഇസ്ലാമാബാദിലേക്കുള്ള റോഡുകൾ ആയിരക്കണക്കിന് ഷിപ്പിങ് കണ്ടെയ്‌നറുകൾ കൂട്ടിച്ചേർത്ത് (welded together) പൂർണമായി അടച്ചുപൂട്ടിയിരിക്കുകയാണ്. പിടിഐ നേതാക്കളെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്റ്റംബർ 27-ൽ നിന്ന് ഒക്ടോബർ നാലിലേക്ക് മാറ്റിവെച്ച, ഇമ്രാൻ ഖാന്റെ അനുകൂലികൾ തലസ്ഥാനത്തേക്ക് നടത്തുന്ന വൻ മാർച്ചിന് മുന്നോടിയായി ഇത്തരത്തിൽ വൻ തയ്യാറെടുപ്പുകളാണ് പാകിസ്താൻ സർക്കാർ സ്വീകരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്ലാമാബാദിലേക്ക് നടത്താൻ പദ്ധതിയിട്ടിരുന്ന ഈ മാർച്ച് പാകിസ്താന്റെ രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമായി മാറിയിട്ടുണ്ട്. വെള്ളിയാഴ്ച ചേർന്ന യോഗത്തിന് ശേഷമാണ് പ്രതിഷേധം മാറ്റിവെക്കാൻ പിടിഐ തീരുമാനിച്ചത്. മാർച്ച് തടയാൻ സർക്കാർ സ്വീകരിച്ച കടുത്ത നടപടികൾ കാരണമാണ് ഈ നീക്കമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

തടവിലുള്ള മുൻ പ്രധാനമന്ത്രിയുടെ മൂന്ന് സഹോദരിമാരെ പോലും പൊതുസമാധാനത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് പാകിസ്താൻ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്റെ ബന്ധുക്കൾക്കും പാർട്ടി നേതാക്കൾക്കുമെതിരെ സർക്കാർ നടത്തുന്ന ക്രൂരമായ അടിച്ചമർത്തലിന്റെ തുടക്കം മാത്രമായിരുന്നു അത്. എന്നാൽ ഇതെല്ലാം, ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ പ്രതിഷേധ മാർച്ചിനെ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നാണ് നിരീക്ഷകർ പറയുന്നത്. 

ഇമ്രാൻ ഖാന്റെ മോചനത്തിനായി പിടിഐ മാർച്ച്

ഇമ്രാന്റെ സഹോദരിമാരായ ഉസ്മ, നൂറിൻ എന്നിവരെ അറസ്റ്റ് ചെയ്യാൻ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെ അയച്ചതായി അവരുടെ അഭിഭാഷകൻ ദി ഗാർഡിയനോട് (The Guardian) പറഞ്ഞു. വീട്ടുജോലിക്കാർക്കൊപ്പം നാലും ആറും വയസ്സുള്ള അവരുടെ മക്കളെയും പേരക്കുട്ടികളെയും വരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. റെയ്ഡിനിടെ അവരുടെ വീട് തല്ലിത്തകർക്കുകയും ചെയ്തു. എന്നാൽ, കുട്ടികളെ അടുത്ത ദിവസം തന്നെ മോചിപ്പിച്ചു.

അഴിമതിക്കേസുകളുടെ പരമ്പരയിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഇമ്രാനും അദ്ദേഹത്തിന്റെ ഭാര്യ ബുഷ്ര ബീബിയും 2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ്. കസ്റ്റഡിയിൽ ഇമ്രാൻ മരണപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പിടിഐ പ്രവർത്തകരും പോലീസും തമ്മിൽ നിരന്തരം ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്.

ഈ മൂന്ന് വർഷത്തിനിടെ കോടതികളിൽ നിന്ന് ഇമ്രാന് ലഭിച്ച ഏറ്റവും വലിയ ആശ്വാസം കഴിഞ്ഞ മാസമായിരുന്നു. ഓഗസ്റ്റിൽ, 48 മണിക്കൂറിനുള്ളിൽ ഇമ്രാനെ ഇസ്ലാമാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. വൻ വേഗതയിൽ കാര്യങ്ങൾ മാറിമറിഞ്ഞതോടെ, ഇരുട്ടിന്റെ മറവിലാണ് ഇമ്രാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പിറ്റേന്ന് രാവിലെ പാകിസ്താൻ ഉണരുന്നതിന് മുമ്പുതന്നെ ഇമ്രാനെ തിരികെ ജയിലിലെത്തിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതായി പിന്നീട് സർക്കാർ അറിയിച്ചു. എന്നാൽ, 2022-ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രിയെ വേറൊരു ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് പിന്നീട് വ്യക്തമായി.

കാഴ്ചക്കുറവും കടുത്ത മാനസിക സമ്മർദവും ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഇമ്രാൻ നേരിടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ മക്കൾ, പാകിസ്താൻ ആർമി ചീഫ് അസിം മുനീറിനെതിരെ രംഗത്തെത്തുകയും, തങ്ങളുടെ പിതാവിനെ ജയിലിൽവെച്ച് സാവധാനം കൊലപ്പെടുത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ഇമ്രാന്റെ സഹോദരിമാരും പിടിഐയും ചേർന്ന് അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചത്. അടിച്ചമർത്തലുകൾക്കിടയിലും മാർച്ച് എന്തുവിലകൊടുത്തും നടക്കുമെന്ന് ഖൈബർ പഖ്തുൻഖ്വ നേതാവ് സൊഹൈൽ അഫ്രീദി പറഞ്ഞു.

മാർച്ചിന് മുന്നോടിയായുള്ള അടിച്ചമർത്തൽ

ഈ ഭീതിയാണ് ഇസ്ലാമാബാദിനെ ആർക്കും കടക്കാൻ കഴിയാത്ത ഒരു കോട്ടയാക്കി മാറ്റാൻ അപൂർവമായ നടപടികൾ സ്വീകരിക്കാൻ ഷെരീഫ് സർക്കാരിനെ പ്രേരിപ്പിച്ചത്. ഇസ്ലാമാബാദിലേക്കുള്ള പ്രധാന റോഡുകൾ അടച്ചുകൊണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അടിച്ചമർത്തൽ തുടങ്ങിയത്. റോഡുകൾ അനിശ്ചിതകാലത്തേക്ക് അടച്ചതായി അധികൃതർ അറിയിച്ചതായി ദി ഡോൺ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഖൈബർ പഖ്തുൻഖ്വയും പഞ്ചാബും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അറ്റക്ക് പാലത്തിൽ ലോഹ ആണികൾ തറച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പിടിഐയുടെ ലോങ് മാർച്ചിന്റെ തുടക്ക സ്ഥലം ഈ പാലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. തലസ്ഥാനത്തിന് ചുറ്റും 2,000-ത്തിലധികം ഷിപ്പിങ് കണ്ടെയ്‌നറുകൾ വെച്ച് ഇസ്ലാമാബാദിനെ പൂർണമായി അടയ്ക്കാനായി അധികാരികൾ ശ്രമിച്ചിട്ടുണ്ട്.

കണ്ടെയ്‌നറുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കുകയും അവയിൽ ലോഹ ആണികൾ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവ മറിഞ്ഞുവീഴാതിരിക്കാൻ പാറപ്പൊടിയും കല്ലുകളും നിറച്ചിരിക്കുകയാണ്. ചുരുക്കത്തിൽ, പ്രവേശന കവാടങ്ങളെല്ലാം പൂർണമായി അടച്ചിരിക്കുകയാണ്.

സുരക്ഷയും വൻതോതിൽ ശക്തമാക്കിയിട്ടുണ്ട്. അറ്റക്ക് ജില്ലയിൽ മാത്രം മുപ്പതിനായിരത്തോളം (30,000) സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പഞ്ചാബിൽ നിന്നും സിന്ധിൽ നിന്നും എത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ താമസിപ്പിക്കുന്നതിനായി നിരവധി സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഏപ്രിലിൽ സമാധാന ചർച്ചകൾക്കായി യുഎസ് ഉപരാഷ്ട്രപതിയും ഇറാനിയൻ പ്രതിനിധി സംഘവും ഇസ്ലാമാബാദിൽ എത്തിയപ്പോൾ പോലും ഇത്രയും വലിയ സുരക്ഷാ വിന്യാസം കണ്ടിരുന്നില്ല.

അൽ ജസീറയുടെ റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ 25,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇമ്രാൻ ഖാൻ അറസ്റ്റിലായ 2023 മേയ് ഒമ്പതിലേക്ക് തിരിഞ്ഞുനോക്കിയാൽ, അന്ന് അരലക്ഷത്തോളം (50,000) പിടിഐ അനുകൂലികളാണ് പാകിസ്താനിലെ തെരുവുകളിൽ വൻ പ്രതിഷേധം ഉയർത്തിയത്.

അവിടം കൊണ്ടും കാര്യങ്ങൾ തീർന്നില്ല. ഖൈബർ പഖ്തുൻഖ്വയിൽ തങ്ങളുടെ നേതാക്കളെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോകുകയാണെന്ന് പിടിഐ ആരോപിച്ചു. പ്രവിശ്യാ മന്ത്രി ഫസൽ ഷക്കൂർ ഖാന്റേതാണെന്ന് പിടിഐ അവകാശപ്പെടുന്ന വാഹനം, ആയുധധാരികളും മുഖംമൂടി ധരിച്ചവരുമായ ആളുകൾ വാഹനങ്ങൾ തടയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പെഷവാർ ഹൈക്കോടതിക്ക് സമീപത്തുവെച്ച് ടയറുകളിലേക്ക് വെടിവെച്ചാണ് വാഹനം തടഞ്ഞതെന്നാണ് പിടിഐ ആരോപിക്കുന്നത്. എന്നാൽ ഈ വീഡിയോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഷെഹ്ബാസ് സർക്കാർ തയ്യാറെടുക്കുന്നത് 'ഒരു രാഷ്ട്രീയ പരിപാടിക്കായല്ല, മറിച്ച് ഒരു അധിനിവേശത്തെ ചെറുക്കാനാണ്' എന്നാണ് ഡോൺ പത്രം തങ്ങളുടെ മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

സംഘർഷസാധ്യതയും വൻതോതിലുള്ള അപായങ്ങളും  മുന്നിൽകണ്ട് ഇസ്ലാമാബാദിലെ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കാനും രക്തബാഗുകൾ ശേഖരിച്ചുവെക്കാനും ആശുപത്രികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇമ്രാൻ ഖാനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാർച്ച് ഭരണകൂടത്തെ എത്രത്തോളം ഭയപ്പെടുത്തിയിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം, സർക്കാരുമായി നടത്തുന്ന രഹസ്യ ചർച്ചകളെത്തുടർന്ന് പിടിഐ മാർച്ച് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. ഈ പുതിയ സംഭവവികാസങ്ങൾ ഒക്ടോബർ നാലിലെ പ്രതിഷേധം സംബന്ധിച്ച പിടിഐയുടെ പദ്ധതികളിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, ആറു മുതൽ എട്ടു മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തുക, ഇമ്രാൻ ഖാനെയും മറ്റ് രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക എന്നിങ്ങനെ രണ്ട് കടുത്ത നിബന്ധനകളാണ് പിടിഐ നേതാവും അഭിഭാഷകനുമായ നയിം ഹൈദർ പൻജൂഥ മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ നിബന്ധനകൾ സർക്കാരിന് കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് മറ്റൊരു പിടിഐ നേതാവ് പറഞ്ഞു. 

Content Highlights: The Pakistani government is on high alert to counter a massive protest march organized by supporters of jailed former Prime Minister Imran Khan, with major roads to Islamabad blocked using containers and barbed wire, and senior PTI leaders and Khan's sisters detained. Approximately 30,000 security personnel have been deployed across Islamabad, with hospitals on high alert due to potential clashes, as the government attempts to prevent the march by creating traffic disruptions and fortifying key routes.