മൊണ്ടാനയിലെ ആദ്യ ഗാന്ധി പ്രതിമ അനാവരണം

#ന്യൂസ് ഡെസ്ക്ക്
മൊണ്ടാന യൂണിവേഴ്‌സിറ്റിയിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങ് | ഫോട്ടോ - പി.ടി.ഐ.
മൊണ്ടാന യൂണിവേഴ്‌സിറ്റിയിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങ് | ഫോട്ടോ - പി.ടി.ഐ.

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി അമേരിക്കൻ സംസ്ഥാനമായ മൊണ്ടാനയിൽ മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. മൊണ്ടാന ഗവർണർ, ഗ്രെഗ് ജിയാൻഫോർട്ടെയും സിയാറ്റിലിലെ ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്തയും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇന്ത്യൻ സർക്കാർ മൊണ്ടാന സ്റ്റേറ്റിന് നൽകിയ ഉപഹാരമാണ് ഈ പ്രതിമ. മൊസൂലിലെ വളരെ പ്രശസ്തമായ മൊണ്ടാന സർവകലാശാലയിലെ മൈക്ക് മാൻസ്ഫീൽഡ് സെന്ററിൽ ചൊവ്വാഴ്ചയായിരുന്നു അനാച്ഛാദനം.

ചടങ്ങിൽ സംസാരിച്ച ഗവർണർ ജിയാൻഫോർട്ടെ, ഗാന്ധിജിയുടെ ഈ പ്രതിമ ഉപഹാരമായി നൽകിയതിന് ഇന്ത്യൻ കോൺസുലേറ്റിനോടുള്ള തന്റെ നന്ദി രേഖപ്പെടുത്തി. ഈ യുദ്ധകാലത്ത് ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങൾക്ക് പ്രാധാന്യമേറെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ ഉദ്യോഗസ്ഥരും സർവകലാശാലയിലെ ആധ്യാപകരും വിദ്യാർഥികളും മൊണ്ടാന വേൾഡ് അഫയേഴ്സ് കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.

സർവകലാശാല വിദ്യാർഥികൾ വൈകീട്ട് ഹോളി ആഘോഷിച്ചു. സർവകലാശാല എക്സിക്യുട്ടീവ് ഡയറക്ടർ ഡീന മാൻസൂർ ആഘോഷത്തെ 'വസന്തത്തിന്റെയും ഐക്യത്തിന്റെയും തുടക്ക’മായി അടയാളപ്പെടുത്തി.

2023 നവംബറിൽ സിയാറ്റിലിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിതമായതോടെയാണ് ഇന്ത്യയും മൊണ്ടാനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഗണ്യമായി മെച്ചപ്പെട്ടത്.