വിവാഹത്തിന് പിന്നാലെ ദുരന്തം; ഇസ്‌ലാമാബാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നവദമ്പതികളടക്കം 8 മരണം

#ന്യൂസ് ഡെസ്ക്
സ്‌ഫോടനത്തിൽ തകർന്ന വീട് | PHOTO:X
സ്‌ഫോടനത്തിൽ തകർന്ന വീട് | PHOTO:X

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഇസ്‌ലാമാബാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നവദമ്പതികളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ഏഴ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. 

ദമ്പതികളെ കൂടാതെ വിവാഹത്തിനെത്തിയ അതിഥികളും കുടുംബാംഗങ്ങളുമാണ് മരിച്ചവരിൽ ആറുപേർ. പന്ത്രണ്ടിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വാതക ചോർച്ചയെത്തുടർന്ന് മുറിയിൽ ഗ്യാസ് നിറഞ്ഞതാണ് സ്ഫോടനത്തിന് കാരണമായതെന്ന് അടിയന്തര വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയും ചുവരുകളും പൂർണമായും തകർന്നു. ഇഷ്ടികകളും കോൺക്രീറ്റ് പാളികളും ഫർണിച്ചറുകളും പ്രദേശമാകെ ചിതറിക്കിടക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സ്ട്രെച്ചറുകളിലാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. സ്ഫോടനത്തിൽ സമീപത്തെ മൂന്ന് വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചുവരികയാണ്.  അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സാഹിബ്സാദ യൂസഫ് വ്യക്തമാക്കി.

ആഘോഷങ്ങളെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് പാകിസ്താൻ സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനി പറഞ്ഞു. പാകിസ്താനിലെ പല വീടുകളിലും പാചകത്തിന് എൽപിജി സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം സിലിണ്ടറുകളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം തടയാൻ കർശനമായ നടപടികൾ വേണമെന്നും സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Tragic gas cylinder explosion in Islamabad kills 8 people, including a newlywed couple, after wedding celebrations. Many injured.