ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ്; യുഎസിന്റെ ഉപരോധത്തിൽ രണ്ടാംഘട്ട ചർച്ച വഴിമുട്ടി

#ന്യൂസ് ഡെസ്ക്
ഹോര്‍മുസില്‍നിന്നുള്ള കാഴ്ച (ഫയല്‍ ചിത്രം)| ഫോട്ടോ:AFP
ഹോര്‍മുസില്‍നിന്നുള്ള കാഴ്ച (ഫയല്‍ ചിത്രം)| ഫോട്ടോ:AFP

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വരുത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി ഇറാനെതിരെയുള്ള യുഎസിന്റെ നാവിക ഉപരോധം. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ അടച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പുണ്ടായതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു.

ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി, ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള രണ്ട് ഗൺബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്. മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വെടിവെയ്‌പ്പെന്ന് ക്യാപ്റ്റൻ അറിയിച്ചതായി യുകെ മാരിടൈം ഏജൻസി പറഞ്ഞു. കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.

ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോർമുസ് തുറക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചത്. എന്നാൽ, ഇറാൻ തുറമുഖങ്ങളിലേക്ക് വരുന്നതും പോകുന്നതുമായി കപ്പലുകളെ തടയുന്ന ഉപരോധം പിൻവലിക്കാൻ യുഎസ് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് ഹോർമുസ് വീണ്ടും അടയ്ക്കുന്നതെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്.

ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണ് ഹോർമുസ് കടലിടുക്കെന്നും അതിന്റെ മുമ്പത്തെ നില തുടരുമെന്നും ഖത്തം അൽ അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് പറഞ്ഞു.

യുഎസ് ഉപരോധം പിൻവലിക്കാത്തത് യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകളേയും ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇസ്ലാമാബാദിൽ രണ്ടാംഘട്ട ചർച്ച നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇറാൻ ഇതുവരെ രണ്ടാംഘട്ട ചർച്ചയ്ക്ക് സമ്മതിച്ചിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ തെസ്‌നിംന്യൂസ് റിപ്പോർട്ട് ചെയ്തു. നാവിക ഉപരോധം തുടരുന്നതും അമേരിക്കയുടെ അമിതമായ ചില ആവശ്യങ്ങളും കാരണമാണ് രണ്ടാംഘട്ട ചർച്ചയ്ക്ക് ഇറാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറ്റമടക്കമുള്ളതാണ് യുഎസിന്റെ പ്രധാന ആവശ്യങ്ങളെന്നാണ് സൂചന.

'ചർച്ചകൾ തുടരാൻ അമേരിക്കയുടെ അമിതമായ ആവശ്യങ്ങൾ ഒഴിവാക്കണമെന്നത് അടിസ്ഥാനപരമായ വ്യവസ്ഥയാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്തപക്ഷം, അനാവശ്യമായ ചർച്ചകളിൽ സമയം കളയാൻ ഇറാൻ ആഗ്രഹിക്കുന്നില്ല', ഇറാൻ നേതാക്കളെ ഉദ്ധരിച്ച് തെസ്‌നിം ന്യൂസ് വ്യക്തമാക്കി.

നാവിക ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 23 കപ്പലുകൾ തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

Content Highlights: Iran has closed the Strait of Hormuz in 2026 due to unresolved US naval sanctions., UK Maritime Agency reported gunfire directed at a tanker by Iranian gunboats near Oman