കഴുത്തിൽകയറി പിടിച്ചു, ഭീഷണിമുഴക്കി; വിമാനയാത്രയ്ക്കിടെ സഹയാത്രികനെ ആക്രമിച്ച ഇന്ത്യൻവംശജൻ അറസ്റ്റിൽ

അമേരിക്കയിൽ അറസ്റ്റിലായ ഇഷാൻ ശർമ | Photo: x.com/AuctionMirza
അമേരിക്കയിൽ അറസ്റ്റിലായ ഇഷാൻ ശർമ | Photo: x.com/AuctionMirza

വാഷിങ്ടൺ: വിമാനയാത്രയ്ക്കിടെ സഹയാത്രികനെ ആക്രമിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. 21-കാരനായ ഇഷാൻ ശർമയാണ് പിടിയിലായത്. ഫിലാഡൽഫിയയിൽനിന്ന് മിയാമിയിലേക്ക് പോവുകയായിരുന്ന ഫ്രണ്ടിയർ എയർലെെൻസ് വിമാനത്തിൽ തിങ്കളാഴ്ചയോടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഫിലാഡൽഫിയയിൽനിന്ന് വിമാനം പറന്നുയർന്ന ഉടൻതന്നെ കീനു ഇവാൻസിനെ യാതൊരു പ്രകോപനവുമില്ലാതെ ഇഷാൻ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വിമാനത്തിൽ തന്റെ മുന്നിലെ സീറ്റിലിരുന്ന കീനുവിനെ ഇഷാൻ കഴുത്തിൽ കയറി പിടിക്കുകയായിരുന്നു. തുടർന്ന് പലതവണ കീനുവിന് നേരെ ഇഷാൻ ഭീഷണി മുഴക്കി. 

വിമാനത്തിലെ സഹയാത്രികർ പലതവണ ആവർത്തിച്ചിട്ടും ഇഷാൻ അക്രമം തുടർന്നു. തുടർന്ന് വിമാനത്തിലെ ജീവനക്കാരെ അസിസ്റ്റൻസ് ബട്ടണിലൂടെ കീനു വിളിച്ചുവരുത്തി. ഇതോടെ ഇഷാൻ വീണ്ടും പ്രകോപിതനായി. സംഭവത്തിൽ ഇഷാനും കീനുവിനും പരിക്കേറ്റിട്ടുണ്ട്. ഇഷാന്റെ കണ്ണിനാണ് പരിക്ക്. കീനുവിന്റെ പരിക്ക് സാരമുള്ളതല്ല.

മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടനെ ഇഷാനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇന്ത്യൻ വംശജനായ ഇഷാൻ ന്യൂജേഴ്സിയിലാണ് താമസിക്കുന്നത്. അതേസമയം, സംഭവത്തിൽ ഫ്രണ്ടിയർ എയർലെെൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: indian origin man attacks another on a flight in usa