'നല്ല വാർത്ത' പ്രതീക്ഷിക്കുന്നു, ബ്രഹ്മോസ് മിസൈലിനായി ഇൻഡൊനീഷ്യ; കരാറിൽ ശുഭപ്രതീക്ഷ-ഇന്ത്യൻ സ്ഥാനപതി

ജക്കാർത്ത: ഇൻഡൊനീഷ്യ ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ ഇതുമായി ബന്ധപ്പെട്ട് ‘നല്ല വാർത്ത’ ഉണ്ടാകുമെന്നും രാജ്യത്തെ ഇന്ത്യൻ സ്ഥാനപതി സന്ദീപ് ചക്രവർത്തി. 'ന്യൂസ് 18 ഇന്ത്യ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രധാനമന്ത്രി മോദിയുടെ നാലാമത്തെ ഇൻഡൊനീഷ്യൻ സന്ദർശനമാണിത്. 2018-നുശേഷം നടത്തുന്ന രണ്ടാമത്തെ ഉഭയകക്ഷി സന്ദർശനവും. തിരക്കേറിയ രണ്ടു ദിവസത്തെ പരിപാടികളാണ് അദ്ദേഹം ഇൻഡൊനീഷ്യയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇൻഡൊനീഷ്യൻ പ്രസിഡന്റുമായി അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തും. ഈ സന്ദർശനത്തിൽനിന്ന് പ്രായോഗികമായ ഒട്ടേറെ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു’-സ്ഥാനപതി പറഞ്ഞു.
പ്രതിരോധ സഹകരണം, സമുദ്രസുരക്ഷ, വ്യാപാരം, നിക്ഷേപം, നിർണായക ധാതുക്കൾ, വിദ്യാഭ്യാസം, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഇരുനേതാക്കളും മുൻഗണന നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശനവേളയിൽ നിരവധി കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും.
ബ്രഹ്മോസ് മിസൈൽ കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ ചർച്ചകൾ നടക്കുമെന്നും ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും സന്ദീപ് ചക്രവർത്തി മറുപടി നൽകി. വലിയ പ്രതീക്ഷയാണുള്ളത്, നല്ല വാർത്തകൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർണായക ധാതു മേഖലയിലെ സഹകരണത്തിന് സന്ദർശനം വലിയ ഉത്തേജനം നൽകുമെന്ന് സ്ഥാനപതി സൂചിപ്പിച്ചു.