ഹോർമൂസിലെ മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ, കപ്പൽപാത തുറക്കൽ പ്രതിസന്ധിയിൽ; സമാധാനചർച്ചയെ ബാധിച്ചേക്കും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടെഹ്റാൻ: അന്താരാഷ്ട്ര വാണിജ്യ ഇടനാഴിയായ ഹോർമൂസിൽ വൻപ്രതിസന്ധി. സ്ഥാപിച്ചിരിക്കുന്ന മൈനുകൾ ട്രാക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ ഹോർമൂസ് പൂർണ്ണമായും തുറക്കുക പ്രയാസകരമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചയെ ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.

അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് അടച്ചിരുന്നു. കപ്പലുകളുടെ വഴി തടസ്സപ്പെടുത്താൻ ഹോർമൂസിൽ വിവിധയിടങ്ങളിൽ മൈനുകൾ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, എവിടെയൊക്കെയാണ് മൈനുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇറാന് ഇപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. യുഎസ്-ഇറാൻ സമാധാന ചർച്ചയിൽ ഡോണാൾഡ് ട്രംപ് പ്രധാനമായി മുന്നോട്ടുവെക്കുന്ന കാര്യം ഹോർമൂസ് ഇടനാഴി എത്രയും പെട്ടെന്ന് പൂർണമായി തുറക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദിൽ സമാധാന ചർച്ചകളുടെ തയ്യാറെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഹോർമൂസിൽ മൈനുകൾ സ്ഥാപിക്കാൻ ചെറുബോട്ടുകളാണ് ഇറാൻ ഉപയോഗിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇറാൻ ഹോർമൂസ് കടലിടുക്കിൽ വിവിധയിടങ്ങളിൽ മൈനുകൾ സ്ഥാപിച്ചത്. എന്നാൽ, ഇത് എവിടെയൊക്കെ സ്ഥാപിച്ചു എന്ന കാര്യം ഇറാൻ രേഖകളിൽ സൂക്ഷിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചിലയിടങ്ങൾ ഇറാൻ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഒഴുകിനീങ്ങിയിരിക്കാനുള്ള സാധ്യതകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവ കണ്ടെത്തുക ഏറെ പ്രയാസകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രമരഹിതമായാണ് ഇറാൻ ഹോർമൂസിൽ മൈനുകൾ കൈകാര്യം ചെയ്തതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഗതാഗത പാതയാണ് ഹോർമൂസ്. ആഗോള എണ്ണ ഉപയോഗത്തിന്റെ 20 ശതമാനത്തോളം ഈ പാതയിൽ കൂടിയാണ് കടന്നുപോകുന്നത്. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതോടെ പല രാജ്യങ്ങളും പ്രതിസന്ധിയിലായി. ഇന്ന് നടക്കുന്ന സമാധാന ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചർച്ചകൾക്കായി പാകിസ്താനിലെത്തിത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരദ് കുഷ്നർ എന്നിവരും ഈ സംഘത്തിലുണ്ട്. ചർച്ചകളെക്കുറിച്ച് വാൻസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുവെങ്കിലും ഇറാൻ തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ ചർച്ചാസംഘം അതിനോട് ഒട്ടും അനുകൂലമായി പ്രതികരിക്കില്ലെന്ന കർശന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നാൽ, മുൻപത്തെ അനുഭവങ്ങൾ വെച്ച് അമേരിക്കയെ വിശ്വസിക്കാൻ പ്രയാസമാണെന്നാണ് വെള്ളിയാഴ്ച പാകിസ്താനിലെത്തിയ ഗാലിബാഫ് പ്രതികരിച്ചത്. ചർച്ചകൾ ആരംഭിക്കണമെങ്കിൽ ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മരവിപ്പിച്ച ഇറാന്റെ വിദേശ ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ മുൻകൂറായി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Iran is unable to locate sea mines deployed in the Hormuz Strait in 2026., The mining of this critical waterway threatens 20% of global oil transit., High-level peace talks are ongoing in Islamabad led by US officials., Iran demands a ceasefire in Lebanon and the release of frozen assets for negotiations.