‘മകനെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി’; ബംഗ്ലാദേശിലെ ആൾക്കൂട്ട കൊലപാതകത്തിൽ 7പേർ അറസ്റ്റിൽ

പ്രതിഷേധത്തിൽ നിന്ന് | Photo: PTI
പ്രതിഷേധത്തിൽ നിന്ന് | Photo: PTI

ധാക്ക: ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ യുവാവിനെ മതനിന്ദ ആരോപിച്ച്‌ ആൾക്കൂട്ടം ക്രൂരമായി മർദിച്ച് ജീവനോടെ തീകൊളുത്തിയ സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. ദീപു ചന്ദ്ര ദാസ് (27) ആണ് കൊല്ലപ്പെട്ടത്. തന്‍റെ മകനെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തുകയായിരുന്നുവെന്ന് ദീപുവിന്റെ പിതാവ് രവിലാൽ ദാസ് എൻഡിടിവിയോട് പറഞ്ഞു.

"എൻ്റെ മകനെ വളരെ ദയനീയമായാണ് അവർ കൊന്നത്. അവർ അവനെ മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി." ദാസ് പറഞ്ഞു. സർക്കാർ വിഷയത്തിൽ കുടുംബത്തോട് യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ ബംഗ്ലാദേശ് ഭരണകൂടം ശക്തമായി അപലപിച്ചു. ഏഴുപേരെ അറസ്റ്റ് ചെയ്തതായി ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസ് പ്രസ്താവനയിൽ വ്യക്തമാക്കി. മുഹമ്മദ് ലിമോൺ സർക്കാർ (19), മുഹമ്മദ് താരെക് ഹുസൈൻ (19), മുഹമ്മദ് മണിക് മിയ (20), എർഷാദ് അലി (39), നിജുൻ ഉദ്ദിൻ (20), അലംഗിർ ഹുസൈൻ (38), മുഹമ്മദ് മിരാജ് ഹുസൈൻ അക്കോൺ (46) എന്നിവരാണ് പിടിയിലായത്. ഇത്തരം അക്രമങ്ങൾക്ക് ബംഗ്ലാദേശിൽ സ്ഥാനമില്ലെന്നും ഈ ക്രൂരമായ കുറ്റകൃത്യത്തിൽ പങ്കുള്ള ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങളുണ്ടായി. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് സമീപവും ചിറ്റഗോങ്, ഖുൽന, രാജ്ഷാഹി എന്നിവിടങ്ങളിലെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകൾക്ക് സമീപവും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights: Horrific mob lynching of Dipu Chandra Das, a Hindu man, in Mymensingh, Bangladesh. His father shares his despair as 7 arrested amid unrest.