കശ്മീരിലേക്ക് 10,000 ഭീകരവാദികളെ ഹാഫിസ് സയീദ് അയച്ചു, വെളിപ്പെടുത്തി പാക് മതപണ്ഡിതൻ

ഇസ്ലാമാബാദ്: ലഷ്‌കറെ തോയ്ബ സ്ഥാപകൻ ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്താനിലെ മതപണ്ഡിതനായ അല്ലാമ നസീർ മദ്‌നി രംഗത്തെത്തി. ഓഗസ്റ്റ് 14-ന് പാകിസ്താനിലെ ബഹാവൽനഗറിൽ നിരോധിത ഭീകര സംഘടനയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മദ്‌നി ഈ ഗൗരവകരമായ ആരോപണം ഉന്നയിച്ചത്. നേരത്തെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്ന് പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന മദ്‌നി, തന്റെ തിരിച്ചുവരവ് പ്രസംഗത്തിലാണ് ഹാഫിസ് സയീദിന്റെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചത്. ഹാഫിസ് സയീദ് കശ്മീരിനായി വലിയ ത്യാഗം ചെയ്തയാളാണെന്നും അദ്ദേഹത്തിന്റെ തടവ് അന്യായമാണെന്നും മദ്‌നി അവകാശപ്പെട്ടു രാജ്യത്തിനായി 10,000 യുവാക്കളെ സയീദ് കശ്മീരിലേക്ക് അയച്ചുവെന്നാണ് പുരോഹിതൻ വിശേഷിപ്പിച്ചത്. സയീദ് സാധാരണ കുറ്റവാളിയല്ലെന്നും മദ്‌നി വാദിച്ചു.
ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ ലഷ്‌കറെ തോയ്ബയ്ക്കും അതിന്റെ സ്ഥാപകനുമുള്ള പങ്കിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ വെളിപ്പെടുത്തൽ തുടക്കമിട്ടു. ഇന്ത്യയിൽ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഹാഫിസ് സയീദ്. 166 പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ ഇയാൾക്ക് പ്രധാന പങ്കുണ്ട്.
അൽ-ഖ്വയ്ദയുമായും താലിബാനുമായും ഉള്ള ബന്ധം മുൻനിർത്തി 2005-ൽ ഐക്യരാഷ്ട്രസഭ ലഷ്‌കറെ തോയ്ബയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2008-ൽ അമേരിക്ക ഹാഫിസ് സയീദിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2025 ഏപ്രിലിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണ കേസിൽ ഹാഫിസ് സയീദിനെതിരെ ജമ്മു കോടതി അടുത്തിടെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈ ഭീകരാക്രമണ കേസിൽ ഒളിവിൽ കഴിയുന്ന ആറ് പ്രതികൾക്കെതിരെ പ്രതികളുടെ അഭാവത്തിൽ തന്നെ വിചാരണ നടത്താനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഹാഫിസ് സയീദിനെ കുടുക്കാൻ ഇന്ത്യ ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് സ്വന്തം നാട്ടിലെ പുരോഹിതനിൽ നിന്ന് തന്നെ ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
Content Highlights: Pakistani cleric Allama Nasir Madni claims Hafiz Saeed sent 10,000 terrorists to Jammu and Kashmir., Madni made the revelation at a banned terror organization event in Bahawalnagar on August 14., Hafiz Saeed is the mastermind of the 2008 Mumbai attacks and faces global terror sanctions., A Jammu court recently issued a non-bailable warrant against Saeed for the 2025 Pahalgam attack.