ഹോർമുസ് ശുദ്ധീകരണം തുടങ്ങിയെന്ന് ട്രംപ്; US യുദ്ധക്കപ്പൽ കടലിടുക്ക് കടന്നെന്ന വാദംതള്ളി ഇറാൻ

വാഷിങ്ടൺ: ഇസ്ലാമബാദിൽ ഇറാൻ- യുഎസ് ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ഡൊണാൾഡ് ട്രംപ്. അവകാശവാദത്തിനിടെ യുഎസ് യുദ്ധ കപ്പലുകൾ ഹോർമുസ് മുറിച്ചു കടന്നതായി യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഇറാൻ ഈ റിപ്പോർട്ട് നിഷേധിച്ചു.
'ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമനി, ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഒരു സഹായമായി ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ഞങ്ങൾ ഇപ്പോൾ ആരംഭിക്കുകയാണ്' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞത്. മറ്റു രാജ്യങ്ങൾ ഹോർമുസ് തുറക്കുന്നതിനായി ഇടപെടാത്തതിനേയും ട്രംപ് പരിഹസിച്ചു. ഈ ജോലി സ്വയം ചെയ്യാൻ അവർക്ക് ധൈര്യമോ ഇച്ഛാശക്തിയോ ഇല്ലെന്നും വിരോധാഭാസമാണെന്നും ട്രംപ് കുറിച്ചു.
എന്നിരുന്നാലും, പല രാജ്യങ്ങളിൽ നിന്നുമുള്ള ഒഴിഞ്ഞ കപ്പലുകൾ അമേരിക്കയിലേക്ക് വന്ന് എണ്ണ നിറയ്ക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചില മാധ്യമങ്ങൾ ഇറാൻ വിജയിക്കുന്നുവെന്ന് പറയുന്നത് ട്രംപ് വിരോധംമൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'യഥാർത്ഥത്തിൽ, എല്ലാവർക്കും അറിയാം ഇറാൻ പരാജയപ്പെടുകയാണെന്ന്, വലിയ തോതിൽ പരാജയപ്പെടുകയാണെന്ന്! അവരുടെ നാവിക സേന ഇല്ലാതായി, അവരുടെ വ്യോമ സേന ഇല്ലാതായി, അവരുടെ വിമാനവേധ സംവിധാനം നിലവിലില്ല, റഡാർ പ്രവർത്തനരഹിതമായി, അവരുടെ മിസൈൽ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, മിസൈലുകൾക്കും ഡ്രോണുകൾക്കും സംഭവിച്ച നാശനഷ്ടങ്ങൾക്കൊപ്പം തന്നെ വലിയ തോതിൽ നശിപ്പിക്കപ്പെട്ടു, ഏറ്റവും പ്രധാനം, അവരുടെ ദീർഘകാല 'നേതാക്കൾ' ഇനി നമ്മോടൊപ്പമില്ല, അല്ലാഹുവിന് സ്തുതി! അവർക്കുള്ള ഒരേയൊരു കാര്യം, അവരുടെ മൈനുകളിൽ കപ്പൽ 'ഇടിക്കാൻ' സാധ്യതയുണ്ടെന്ന ഭീഷണിയാണ്, എന്നാൽ ഒരു കാര്യം പറയട്ടെ, അവരുടെ 28 മൈൻ ബോട്ടുകളും കടലിന്റെ അടിത്തട്ടിലാണ്' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇതിനിടയിലാണ് നിരവധി യുഎസ് നാവികസേനാ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് axios റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഇറാൻ ഈ വാദം നിഷേധിച്ചു. അതേസമയം ഫുജൈറ തുറമുഖത്ത് നിന്ന് ഒരു അമേരിക്കൻ യുദ്ധ കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയിരുന്നതായി ഇറാൻ സ്ഥിരീകരിച്ചു.
'ഇറാന്റെ സായുധ സേന ഈ കപ്പലിന്റെ സ്ഥാനം നിരീക്ഷിക്കുകയും പാകിസ്താനിലെ ഇറാനിയൻ ചർച്ചാ പ്രതിനിധിയെ ഈ സാഹചര്യം അറിയിക്കുകയും ചെയ്തു. ഇറാനിയൻ പ്രതിനിധി പകിസ്താനി മധ്യസ്ഥൻ വഴി ഉടൻ തന്നെ വിഷയം അമേരിക്കൻ പക്ഷത്തെ അറിയിച്ചു. ഒപ്പം യുഎസ് യുദ്ധ കപ്പലിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലേക്ക് അടുക്കുകയാണെങ്കിൽ തകർക്കുമെന്നും അറിയിച്ചു. കപ്പൽ അതിന്റെ നീക്കം തുടരുകയാണെങ്കിൽ, 30 മിനിറ്റിനുള്ളിൽ തകർക്കുമെന്ന് ചർച്ചകൾക്ക് ദോഷം ചെയ്യുമെന്നും പാക് മധ്യസ്ഥനെ ഇറാൻ വ്യക്തമായി അറിയിച്ചു. തുടർന്ന് യുദ്ധ കപ്പൽ പിൻവാങ്ങി' ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
Content Highlights: Donald Trump announces US-led clearance operations in the Strait of Hormuz for 2026., Claims of Iranian naval and aerial infrastructure destruction by the US