ബൾഗേറിയയിൽ കനത്ത മഞ്ഞിൽ വൻ വാഹനാപകടം: 70-ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച് 12 മരണം; ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
Photo: 'X' @SlavicNetworks
Photo: 'X' @SlavicNetworks

സോഫിയ: ബൾഗേറിയയിലെ തെക്കുകിഴക്കൻ മേഖലയിലുള്ള ട്രാകിയ മോട്ടോർവേയിൽ വൻ വാഹനാപകടം. കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് 70-ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിംനിറ്റ്സ നഗരത്തിന് സമീപം ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ 11 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രി കാത്യ ഇവ്കോവ അറിയിച്ചു. അപകടത്തിൽ 50-ഓളം പേർക്ക് പരിക്കേറ്റു.

ദുരന്തത്തിന് പിന്നാലെ ബുധനാഴ്ച രാജ്യത്ത് പ്രധാനമന്ത്രി റുമെൻ രാദേവ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയെ കരിങ്കടൽ തീരവുമായി ബന്ധിപ്പിക്കുന്നതാണ് ട്രാകിയ മോട്ടോർവേ. കനത്ത മഞ്ഞുമൂലം ഒന്നും കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.

നനഞ്ഞ റോഡിൽ വേഗത്തിൽ വാഹനങ്ങൾ ഓടിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്നും പാത ഗതാഗതയോഗ്യമാക്കുന്നതുവരെ അടച്ചിടുമെന്നും റോഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഗാലിൻ കോസ്റ്റോവ് പറഞ്ഞു. കനത്ത മഞ്ഞു കാരണം രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ സാധിച്ചില്ല. രക്ഷാപ്രവർത്തകർ ക്രാഷ് ബാരിയറുകൾ മുറിച്ചുമാറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.