'ഉത്തരവാദിത്വമില്ലാത്തവര്‍'; സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് അഫ്ഗാനിസ്താന്‍

കാബൂള്‍: ഇസ്താംബൂളില്‍ നടന്ന അവസാനഘട്ട സമാധാന ചര്‍ച്ചകളും സ്തംഭിച്ചതോടെ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി അഫ്ഗാനിസ്താന്‍. ചര്‍ച്ചകളില്‍ പാകിസ്താന്‍ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് അഫ്ഗാന്റെ ആരോപണം. കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമായത് പാകിസ്താന്റെ ഈ നിലപാടാണെന്ന് താലിബാന്‍ വക്താക്കള്‍ ആരോപിച്ചു.
എല്ലാ സുരക്ഷാ ഉത്തരവാദിത്വവും കാബൂളിന്റെ മേല്‍ കെട്ടിവെക്കാനാണ് ഇസ്ലാമാബാദ് ശ്രമിച്ചതെന്നും സ്വന്തമായി ഒന്നെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ വിസമ്മതിച്ചുവെന്നും അഫ്ഗാന്‍ കുറ്റപ്പെടുത്തി.
'അഫ്ഗാന്‍ പ്രതിനിധി സംഘം സദുദ്ദേശ്യത്തോടെയും ഉചിതമായ സമീപനത്തോടെയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പാകിസ്താന്‍ അവരുടെ നേതൃത്വവുമായി ആലോചിച്ച് ഗൗരവത്തോടെയും ക്രിയാത്മകമായും ചര്‍ച്ചകളെ സമീപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അഫ്ഗാനിസ്താന്റെയോ സ്വന്തം രാജ്യത്തിന്റെയോ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പാകിസ്താന്‍ ഒരു താല്‍പ്പര്യവും കാണിച്ചില്ല.' താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
പാകിസ്താന്റെ ഈ നിലപാട്, മധ്യസ്ഥരായ തുര്‍ക്കിക്കും ഖത്തറിനും ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യത്തിനെതിരെയും അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഏത് ആക്രമണത്തില്‍ നിന്നും അഫ്ഗാനിസ്താന്റെ പരമാധികാരം സംരക്ഷിക്കുമെന്നും സബീഹുള്ള മുജാഹിദ് ആവര്‍ത്തിച്ചു.
നവംബര്‍ ആറ്, ഏഴ് തീയതികളില്‍ നടന്ന ചര്‍ച്ചയില്‍, അഫ്ഗാന്‍ മണ്ണില്‍ നിന്നുകൊണ്ട് ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്ന തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) ഭീകരര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അഫ്ഗാനിസ്താനില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് നേടാനായില്ല. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ 'പൂര്‍ണ്ണമായ സ്തംഭനാവസ്ഥയില്‍' എത്തിയതായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു.
വാക്കാലുള്ള ഉറപ്പുകള്‍ മാത്രം നല്‍കാമെന്ന് കാബൂള്‍ നിര്‍ബന്ധം പിടിച്ചുവെന്നും, 'അന്താരാഷ്ട്ര ചര്‍ച്ചകളില്‍' ഇത് അസ്വീകാര്യമാണെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ വെടിനിര്‍ത്തല്‍ തുടരുമെന്നും എന്നാല്‍ അഫ്ഗാന്‍ മണ്ണില്‍ നിന്ന് ആക്രമണമുണ്ടായാല്‍ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചാ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമായിരുന്നു ഇസ്താംബൂളിലെ പ്രതിസന്ധി. ഒക്ടോബര്‍ 11-നും 15-നും ഇടയില്‍ നടന്ന മാരകമായ അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഒക്ടോബര്‍ 29-ന് ദോഹയിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ആ ചര്‍ച്ച പുരോഗതിയില്ലാതെ അവസാനിച്ചതോടെ ഒക്ടോബര്‍ 25-ന് ഇസ്താംബൂളില്‍ രണ്ടാം ഘട്ട ചര്‍ച്ച നടന്നു, അതും ഫലം കണ്ടില്ല. ഏറ്റവും പുതിയ ചര്‍ച്ചയും ഇതേ രീതിയില്‍ പരാജയപ്പെട്ടു, നാലാം ഘട്ട ചര്‍ച്ചയ്ക്കായി തീയതി നിശ്ചയിച്ചിട്ടില്ല.
Content Highlights: Afghanistan accuses Pakistan of an `irresponsible` approach, blaming Islamabad for the stalemate in Istanbul peace talks. See why talks collapsed.