ജനം തെരുവിൽ, പ്രക്ഷോഭത്തിലാളി തുർക്കി; ഉര്‍ദുഗാന്‍ യുഗത്തിന് അന്ത്യം കുറിക്കുമോ ഇമാമോലു?

പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം | Photo: Getty Images
പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം | Photo: Getty Images

"ഇത് ജനങ്ങളുടെ പോരാട്ടമാണ്, ഞങ്ങള്‍ കീഴടങ്ങില്ല, ഒന്നിച്ച് പോരാടും" ....  മുദ്രാവാക്യങ്ങളുടെ അലയൊലികളില്‍ തെരുവുകൾ മുങ്ങിത്താഴ്ന്നു, നൂറും ആയിരവും കടന്ന് എണ്ണാവുന്നതിലേറെ പ്രതിഷേധക്കാര്‍ രാവെന്നോ പകലെന്നോ ഇല്ലാതെ തുര്‍ക്കിയുടെ തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. ആവശ്യം നിറവേറ്റാതെ പ്രതിഷേധത്തില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. ഒരേയൊരു ആവശ്യം, 'പോലീസ് അറസ്റ്റ് ചെയ്ത മേയര്‍ ഇക്രം ഇമാമോലുവിനെ വിട്ടയക്കണം'. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് രംഗത്തിറങ്ങി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും അടങ്ങാത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തു. പോലീസിന് നേരെയുള്ള പ്രതിഷേധം പലപ്പോഴും കയ്യാങ്കളിയിലും ഏറ്റുമുട്ടലിലും അവസാനിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട തെരുവുകളിലേക്ക് പ്രതിഷേധം ആളിപ്പടര്‍ന്നു, രാജ്യം സംഘര്‍ഷഭരിതമായി.  

ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് തുർക്കി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിലേക്ക് നയിച്ചതാവട്ടെ തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിബ്‌ ഉര്‍ദുഗാന്റെ എതിരാളിയും ഈസ്താംബൂള്‍ മേയറുമായ ഇക്രം ഇമാമോലുവിന്റെ അറസ്റ്റും. മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം, 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കാന്‍ ഉറപ്പിച്ചിരിക്കുന്നയാളാണ് ഇമാമോലു. ബുധനാഴ്ച രാത്രിയാണ് ഇസ്താംബൂളിലെ മേയറുടെ വീട് വളഞ്ഞ് 53 വയസ്സുകാരനായ ഇമാമോലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അഴിമതി, ഭീകരബന്ധം എന്നിവ സംബന്ധിച്ച ആരോപണങ്ങളില്‍ ശനിയാഴ്ച മണിക്കൂറുകളോളം ഇമാമോലുവിനെ ചോദ്യം ചെയ്തു. പിന്നാലെ, ഞായറാഴ്ച ഈസ്താംബൂള്‍ കോടതി ഇമാമോലുവിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഇമാമോലുവിനെതിരേ ഭീകരവാദക്കുറ്റം ചുമത്താനാവില്ലെന്നാണ് കോടതി വിധിച്ചത്. പക്ഷേ, അഴിമതിക്കേസുകളില്‍ അന്വേഷണം നടത്താൻ നിര്‍ദേശിക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം ഇമാമോലു നിഷേധിച്ചു. ഇതിനുപിന്നാലെ 'തല കുനിക്കില്ല' എന്നാണ് അദ്ദേഹം എക്‌സിലൂടെ പ്രതികരിച്ചത്. 

Content Highlights: Turkey Protests: İmamoğlu`s Arrest Sparks Nationwide Uprising

Continue reading