അനധികൃത കുടിയേറ്റം, ഡങ്കി റൂട്ട്, സൈനിക വിമാനത്തിൽ തിരിച്ചയക്കൽ; ഈ നാടുകടത്തലിന് പിന്നിലെന്ത്?

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തിലുള്ള നടപടിക്കാണ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. യു.എസ് സൈന്യത്തിന്റെ സി-17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തല്‍. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ സൈനിക വിമാനത്തില്‍ കയറ്റി, അവര്‍ എവിടെനിന്നാണോ വന്നത് അവിടെത്തന്നെ തിരിച്ചെത്തിക്കുമെന്ന് ട്രംപ് നേരത്തെതന്നെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളേക്കും അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ സൈന്യത്തിന്റെ ചരക്ക് വിമാനങ്ങള്‍ പറന്നുകഴിഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ടെക്സാസിലെ സാന്‍ അന്റോണിയോയില്‍നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പറന്ന യു.എസ് സൈനിക വിമാനത്തില്‍ 205 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഒരു ചാര്‍ട്ടേഡ് വിമാനത്തിലും ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ഇത്തരത്തില്‍ തിരിച്ചയച്ചിരുന്നു. നാടുകടത്തില്‍ ആദ്യമായല്ല, അതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതാണ് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യത്തേത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെ ചെലവേറിയതാണ് ഇത്തവണത്തെ ട്രംപിന്റെ നീക്കമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
Content Highlights: trump sends first batch of illegal immigrants to india