ഭാര്യാപിതാവിനെ വെട്ടി നേതൃത്വത്തിലേയ്ക്ക്, 'ആന്ധ്രയുടെ സി.ഇ.ഒ' ഡൽഹിയിൽ വിതയ്ക്കുന്ന വിത്ത്

''നിങ്ങള്‍ എന്നെയും എന്റെ പാര്‍ട്ടിയെയും നിയമസഭയിലേക്ക് അയച്ചാല്‍ മാത്രമേ ആന്ധ്രപ്രദേശില്‍ വികസനം കൊണ്ടുവരാനാകൂ... അല്ലെങ്കില്‍ ഇത് എന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും,'
കഴിഞ്ഞ വര്‍ഷം നവംബറില്‍, ആന്ധ്രപ്രദേശില്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കര്‍ണൂലില്‍ ഒരു റാലിയില്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ചന്ദ്രബാബു നായിഡു പറഞ്ഞതാണ് ഈ വാക്കുകള്‍. 73-ാം വയസ്സില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനത്തിലേക്ക് ഉറ്റുനോക്കുന്ന ഒരു വ്യക്തിയുടെ നിരാശയായാണ് അന്ന് പലരും നായിഡുവിന്റെ വാക്കുകളെ കണ്ടത്. പക്ഷേ ആറ് മാസത്തിനിപ്പുറം തിരഞ്ഞെടുപ്പ് ഫലംവരുന്ന ഘട്ടത്തില്‍ എല്ലാവരും എഴുതിത്തള്ളിയ അവസ്ഥയില്നന്ന് അത്ഭുതകരമായ തിരിച്ചുവരവാണ് നായിഡു നടത്തിയത്. ഒരുവേള അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടത്ത് നിന്ന് അധികാരത്തിലേയ്ക്കുള്ള അവിശ്വസനീയമായ ഉയര്‍ത്തെഴുന്നേല്‍പ്പ് !
നീണ്ട ഇടവേളയ്ക്കുശേഷമാണ് ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. അധികാരം പിടിച്ചെടുത്തത്. നിയമസഭയില്‍ 175-ല്‍ 134 സീറ്റ് നേടിയായിരുന്നു നായിഡുവിന്റെ മടങ്ങിവരവ്. 151 സീറ്റുണ്ടായിരുന്ന മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ വൈ.എസ്.ആര്. കോണ്‍ഗ്രസ് 12 സീറ്റിലേക്ക് ചുരുങ്ങി. ടി.ഡി.പി.യുടെ സഖ്യകക്ഷിയായ ബി.ജെ.പി. എട്ടു സീറ്റിലും പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടി 21 സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിന് ഒരുസീറ്റുപോലും ലഭിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും തെലുഗുദേശത്തിന്റെ ആധിപത്യമായിരുന്നു. സംസ്ഥാനത്തെ 25 ലോക്സഭാ മണ്ഡലത്തില്‍ 16 എണ്ണവും ടി.ഡി.പി. നേടി. സഖ്യകക്ഷിയായ ബി.ജെ.പി. മൂന്നുസീറ്റും ജനസേനാപാര്ട്ടി രണ്ടുസീറ്റും നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 സീറ്റുനേടിയ വൈ.എസ്.ആര്. കോണ്‍ഗ്രസ് നാലു സീറ്റില്‍ ഒതുങ്ങി. ആന്ധ്രയില്‍നിന്നും തെലുഗുദേശം പാര്‍ട്ടി ഉള്‍പ്പെടുന്ന എന്‍.ഡി.എ. സഖ്യം 25-ല്‍ 21 സീറ്റുനേടി ശക്തിതെളിയിച്ചു. ഇതോടെഒന്നുമില്ലായ്മയില് നിന്ന് അധികാരം വെട്ടിപിടിച്ച ചന്ദ്രബാബു നായിഡു എന്‍.ഡി.എ സഖ്യത്തില്‍ കിങ് മേക്കറായി.
Content Highlights: Telugu Desam Party chief N Chandrababu Naidu Life Story