പ്രിതിഷ് നന്ദി: ധിക്കാരവും ധിഷണയും

ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വാരികകളുടെ കാലമായിരുന്നു 1980 കള്‍. അറുപതുകളിലെയും 70 കളിലെയും തലമുറകള്‍ അവരുടെ ബാല്യത്തില്‍ നിന്നും കുതറിമാറിയത് വാരികകളുടെ ആശ്ലേഷത്തിലേക്കായിരുന്നു. പൂമ്പാറ്റയില്‍ നിന്നും ബാലരമയില്‍ നിന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്കും കലാകൗമുദിയിലേക്കുമുള്ള സഞ്ചാരം. ഈ വാരികകളുടെ താളുകളില്‍ കൗമാര - യൗവ്വനങ്ങള്‍ പൂത്തുലയുകയും ക്ഷോഭിക്കുകയും സങ്കടപ്പെടുകയും ചെയ്തു. പത്രപ്രവര്‍ത്തകന്‍ വിര്‍ സാങ്വി എഴുതിയതുപോലെ പത്രങ്ങളല്ല, വാരികകളാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് ആ നാളുകളില്‍ പുതിയ രൂപവും ഭാവവും നല്‍കിയത്. എഴുപതുകളുടെ മദ്ധ്യേ ഇന്ത്യാ ടുഡെയും 80കളുടെ പകുതിയോടെ ഫ്രണ്ട്ലൈനും മാഗസിന്‍ ജേര്‍ണലിസത്തില്‍ പുതിയ മേല്‍വിലാസങ്ങളായി. പക്ഷേ, ആ കാലത്ത് നിന്ന് ഒരു പത്രാധിപരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യം മനസ്സിലേക്കെത്തുക പ്രിതിഷ് നന്ദിയായിരിക്കും. ഇലസ്ട്രേറ്റഡ് വീക് ലി യുടെ അനിതരസാധാരണനായ പത്രാധിപര്‍. ഇക്കഴിഞ്ഞ ജനുവരി എട്ടിന് 73-ാം വയസ്സില്‍ പ്രിതിഷ് വേര്‍പിരിഞ്ഞപ്പോള്‍ അതൊരു കാലത്തിന്റെ പരിസമാപ്തിയായിരുന്നു.
എണ്‍പതുകള്‍ എല്ലാ അര്‍ത്ഥത്തിലും പ്രിതിഷ് നന്ദിയുടേതായിരുന്നു. കവിതയായിരുന്നു പ്രിതിഷിന്റെ പ്രഥമ തട്ടകം. കവിതയിലെ മികവിനായിരുന്നു 26-ാം വയസ്സില്‍ പ്രിതിഷിനെത്തേടി പത്മശ്രീ എത്തിയത്. ലണ്ടനില്‍ നിന്നും കൊല്‍ക്കൊത്തയിലേക്കുള്ള ഒരു വിമാനയാത്രയാണ് പ്രിതിഷിനെ ടൈംസ് ഒഫ് ഇന്ത്യ ഗ്രൂപ്പിലേക്കും ഇലസ്ട്രേറ്റഡ് വീക്ക്ലിയിലേക്കും എത്തിച്ചത്. ആ യാത്രയില്‍ പ്രിതിഷിന്റെ തൊട്ടടുത്തെ സീറ്റില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അശോക് ജയിനുണ്ടായിരുന്നു. പ്രതിഷിനെ അശോക് ജയിന്‍ ടൈംസ് ഓഫ് ഇന്ത്യയിലേക്ക് ക്ഷണിച്ചു. അശോക് ജയിന്റെ മൂത്ത മകന്‍ സമിര്‍ ജയിന്‍ എന്ന ചെറുപ്പക്കാരന്‍ ടൈംസിന്റെ മേല്‍ത്തട്ടിലേക്ക് വരുന്ന സമയമായിരുന്നു അത്. സമീറിന്റെ പിന്തുണയിലാണ് അതുവരെ ഒരു പത്രത്തിലോ മാസികയിലോ ജോലി നോക്കിയിട്ടില്ലാതിരുന്ന പ്രിതിഷ് ഇന്ത്യന്‍ ജേര്‍ണലിസത്തിന് പുതിയൊരു മുഖം നല്‍കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്.
Content Highlights: Pritish Nandy`s significant role in shaping Indian magazine journalism in the 1980s.