വാളെടുത്ത മെലാനിയ നിർവീര്യമാക്കുമോ അമാൻഡയുടെ എപ്സ്റ്റീൻ ബോംബ്?

അമേരിക്കയുടെ പ്രഥമവനിത മെലാനിയ ട്രംപ് കഴിഞ്ഞയാഴ്ച നടത്തിയ അപ്രതീക്ഷിത വാർത്താസമ്മേളനം പതുക്കെ ചൂടുപിടിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിലെ താത്കാലിക വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളിൽ ലോകംമുഴുകിയിരിക്കെ വൈറ്റ് ഹൗസിൽ വെച്ചായിരുന്നു അവർ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ലൈംഗികകുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി തന്നെ ബന്ധിപ്പിക്കുന്ന നുണകൾ ഉടനടി അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ട്രംപുമായുള്ള തന്റെ വിവാഹത്തിൽ എപ്‌സ്റ്റീൻ യാതൊരു പങ്കും വഹിച്ചിട്ടില്ലെന്നും അയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികചൂഷണം നടത്തിയതു സംബന്ധിച്ചും നേരത്തേ അറിവുണ്ടായിരുന്നില്ലെന്നും അയാളുടെ കുറ്റകൃത്യശൃംഖലയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമോ കുറ്റകരമോ ആയ യാതൊന്നും ചെയ്തിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. എപ്‌സ്റ്റീന്റെ ഇരകൾക്ക് വേണ്ടി അമേരിക്കൻ കോൺഗ്രസ് പബ്ലിക് ഹിയറിംഗ് നടത്തണമെന്നും പ്രഥമവനിത ആവശ്യപ്പെട്ടു.