കിഡോൺ; ഈ നിഴൽക്കൊലയാളികളുടെ പേരു കേട്ടാൽ കിടുങ്ങും ഇസ്രായേലിന്റെ ശത്രുക്കൾ

ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ദുരൂഹസാഹചര്യത്തിൽ ഇറാന്റെ തലസ്ഥാനമായ ടെഹറാനിൽ വെച്ച് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. പക്ഷേ, കൊലയാളികളുടെ നിഴൽ പോലും അവശേഷിപ്പിക്കാത്ത കൊലപാതകരീതിയും ഉന്നത സാങ്കേതികവിദ്യയുടെ ഉപയോഗവും വിരൽചൂണ്ടുന്നത് ഇസ്രായേലി ചാരസംഘടന മൊസാദിനുള്ളിലെ കിഡോൺ എന്ന കുപ്രസിദ്ധ ഘാതകസംഘത്തിനു നേർക്കാണ്. ലക്ഷ്യത്തെ മാത്രം കൃത്യമായി വകവരുത്തുന്നതിൽ ഇവർക്കൊപ്പം വൈദഗ്ധ്യമുള്ളവർ ലോകത്ത് വേറെയുണ്ടാവില്ല. ഇസ്രായേലിന്റെ എതിരാളികളുടെ പേടിസ്വപ്നമായ കിഡോൺ, മൊസാദിനകത്തെ മൊസാദാണ്, ദി അൾട്ടിമേറ്റ് കില്ലർ സ്‌ക്വാഡ്. ദുരൂഹമായ വഴികളിലൂടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷരാവുന്ന നിഴൽക്കൊലയാളിസംഘം. അവരാരെന്നോ, എവിടെ നിന്നു വരുന്നെന്നോ എന്താണവരുടെ ലക്ഷ്യമെന്നോ മനസ്സിലാക്കി വരുമ്പോഴേയ്ക്കും അവരുണ്ടായിരുന്ന സ്ഥലത്ത് ഒരു വിരലടയാളം പോലും ബാക്കിയുണ്ടാവില്ല!
ബുധനാഴ്ച പുലർച്ചെയായിരുന്നു ഹനിയയെ വകവരുത്തിയ സ്ഫോടനമുണ്ടായത്. വടക്കൻ ടെഹറാനിൽ കനത്ത സുരക്ഷയുള്ള ഒരു അതിഥി മന്ദിരത്തിൽ താമസിക്കുകയായിരുന്ന ഹനിയ്യയെ കൊന്നത് അദ്ദേഹത്തെ മാത്രം ലക്ഷ്യം വെച്ച ഒരു മിസൈൽ ആക്രമണമാണെന്നായിരുന്നു ആദ്യനിഗമനം. അയൽരാജ്യങ്ങളായ തുർക്ക്മെനിസ്താൻ, അസർബെയ്ജാൻ എന്നിവിടങ്ങളിൽ നിന്നോ, അതല്ല, ഇറാനിൽ നിന്നു തന്നെയോ ആയിരിക്കാം ആക്രമണമെന്ന് വാദമുയർന്നു. ഇപ്പോൾ കേൾക്കുന്നത് രണ്ടുമാസം മുമ്പ് ഈ അതിഥി മന്ദിരത്തിൽ സ്ഥാപിച്ച ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിച്ചായിരുന്നു കൊലപാതകമെന്നാണ്. ഈ സ്ഥലത്ത് മുമ്പും ഹനിയ താമസിച്ചിട്ടുണ്ട്. അടുത്ത വരവിന് പൊട്ടിക്കാൻ കരുതിവെച്ചിരുന്നതായിരിക്കണം ഈ ബോംബ്. ഹനിയ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ ഒരു പലസ്തീൻ തീവ്രവാദി നേതാവുണ്ടായിരുന്നെങ്കിലും അയാളെ തൊട്ടില്ല. അത്രയ്ക്ക് കണിശവും ആസൂത്രിതവുമായിരുന്നു ആക്രമണം.
Content Highlights: israel hamas, defence force isdf, kidon, secret service, ismail haniyeh benjamin netanyahu