നാലു പതിറ്റാണ്ടിനിടെ ഒരു ആൺതരി പ്രായപൂർത്തിയായപ്പോൾ, ജാപ്പനീസ് രാജകുടുംബത്തെ രക്ഷിക്കുമോ ഹിസാഹിതോ?

ഒരു യുവാവിന് 18 വയസ് തികയുന്നത് ഒരു വലിയ വാര്‍ത്തയാണോ? പ്രായപൂര്‍ത്തിയായത് ഒരു രാജകുടുംബത്തിന്റെ ആനന്തരാവകാശിക്കാണെങ്കിലോ? അതിന്റെ വാർത്താപ്രാധാന്യം ഏറെയാണ്. ആ കുടുംബത്തില്‍ നാല് പതിറ്റാണ്ടിനുശേഷം ഒരു പുരുഷന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വാർത്തയുടെ മൂല്യം ഏറും. ജാപ്പനീസ് രാജകുടുംബത്തിന്റെ അനന്തരാവകാശി ഹിസാഹിതോ (Hisahito) രാജകുമാരന് 18 വയസ്സ് തികഞ്ഞതാണ് ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത്. നാല് പതിറ്റാണ്ടിനിടെ രാജകുടുംബത്തില്‍ പ്രായപൂർത്തിയാകുന്ന ആദ്യത്തെ ആണ്‍തരിയാണ് ഹിസാഹിതോ. രാജകുമാരന്റെ പിതാവും കിരീടാവകാശിയുമായ ഫുമിഹിതോയാണ് (Fumihito) ഇതിനുമുന്‍പ് പ്രായപൂര്‍ത്തിയായ അവസാന പുരുഷന്‍; 1985-ല്‍ ആയിരുന്നു അത്. പ്രായപൂർത്തിയാകാനുള്ള പ്രായം 20-ൽ നിന്ന് 18 ആക്കി കുറച്ച പുതിയ സിവിൽ കോഡ് നിലവിൽ വന്നശേഷം പ്രായപൂർത്തിയായ ആദ്യത്തെ രാജകുടുംബാംഗവുമാണ് ഹിസാഹിതോ രാജകുമാരൻ.
പുരുഷന്മാരുടെ എണ്ണം കുറഞ്ഞതോടെ വളരെക്കാലമായി രാജ്യംഭരിക്കുന്ന കുടുംബത്തിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. അതിവേഗം വാര്‍ദ്ധക്യം പ്രാപിക്കുന്നതും വളരെ വേഗത്തില്‍ കുറഞ്ഞുകൊണ്ടുമിരിക്കുന്ന ജാപ്പനീസ് ജനസംഖ്യയുടെ അതേപ്രശ്‌നം തന്നെയാണ് രാജകുടുംബവും അനുഭവിക്കുന്നത്. 17 അംഗങ്ങളുള്ള രാജകുടുംബത്തില്‍ നിലവില്‍ നാല് പുരുഷന്‍മാര്‍ മാത്രമേയുള്ളൂ. ഇതില്‍ ഏറ്റവും ഇളയ ആളാണ് ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയുടെ (Naruhito) സഹോദരപുത്രനായ ഹിസാഹിതോ. രാജകുമാരന്റെ ജനനത്തോടെയാണ് പ്രതിസന്ധികള്‍ക്ക് താത്കാലികമായെങ്കിലും പരിഹാരമായത്. എന്താണ് ജാപ്പനീസ് രാജകുടുംബത്തിന്റെ പ്രത്യേകതകള്‍? എങ്ങനെയാണ് അവിടെ അധികാര കൈമാറ്റം നടക്കുന്നത്? പുരുഷന്മാകുടെ എണ്ണം കുറയുന്നത് അവരെ എന്തുകൊണ്ടാണ് പ്രതിസന്ധിയിലാക്കുന്നത് ?
Content Highlights: japan prince Hisahito Turns 18 a new hope for the imperial family