ഇസ്ലാമിക ഭരണത്തിന്റെ അന്ത്യമോ, ഭരണമാറ്റമോ; ജനകീയപ്രതിഷേധം കനക്കുമ്പോൾ ഇറാന്റെ ഭാവിയെന്ത്?

ഇറാനിൽ ജനകീയപ്രക്ഷോഭം ആളിക്കത്തുകയാണ്. പണപ്പെരുപ്പത്തിലും വർധിച്ചുവരുന്ന ജീവിതച്ചെലവിലും പ്രതിഷേധിച്ച് രാജ്യതലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച പ്രതിഷേധം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറാൻ അധികം സമയമെടുത്തില്ല. 1979-ലെ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്ലവി പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തതോടെ രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തി. 'ഏകാധിപതിക്ക് മരണം', 'ഇസ്‌ലാമിക് റിപ്പബ്ലിക് മരിക്കട്ടെ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങൾ രാജ്യവ്യാപകമായി തെരുവിലിറങ്ങി. പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അടിയന്തര ഇടപെടലിനും പഹ്ലവി അഭ്യർഥിച്ചു.
പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ഫോൺവിളികളും നിരോധിച്ചുകൊണ്ടാണ് ഇറാൻ ഭരണകൂടം തിരിച്ചടിച്ചത്. ഇതിനിടെ ട്രംപിനെതിരേ പരാമർശവുമായി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി രംഗത്തെത്തി. പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച ഖമേനി പ്രതിഷേധക്കാരെ ട്രംപിന്റെ ഏജന്റുമാരെന്നാണ് വിശേഷിപ്പിച്ചത്. എന്താണ് ഇറാനിൽ എന്താണ് സംഭവിക്കുന്നത്? പെട്ടെന്നുള്ള പ്രതിഷേധത്തിന് പിന്നിലുള്ള കാരണമെന്താണ്? പ്രതിഷേധം തുടരുമ്പോൾ ഇറാന്റെ ഭാവിയെന്ത്?