ലോക്ഹീഡ് മാര്‍ട്ടിന്‍; വരുമോ അങ്ങനെയൊരു ഭീമൻ ഇന്ത്യൻ പ്രതിരോധരംഗത്തും?

പ്രതിരോധരംഗത്ത് സ്വയം ശക്തിയായി ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിരോധ കയറ്റുമതിയില്‍ രാജ്യം വേഗത്തില്‍ വളര്‍ച്ചയുണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങള്‍ അത്രകണ്ട് വിജയിക്കുന്നില്ല എന്നിടത്താണ് രാജ്യത്തിന്റെ പ്രതിസന്ധി കിടക്കുന്നത്. സൈനിക സാങ്കേതികവിദ്യാ രംഗത്ത് രാജ്യം കണക്കുകൂട്ടിയത്ര മുന്നോട്ടുപോകാത്തതിന് നിരവധി കാരണങ്ങളുണ്ട്. രാഷ്ട്രീയം, ഉദ്യോഗസ്ഥ മെല്ലെപ്പോക്ക്, ആവശ്യത്തിന് ഫണ്ട് ഇല്ലാതെ വരുന്നത്, സ്വകാര്യ പ്രതിരോധ കമ്പനികള്‍ ശക്തമാകാത്തത് തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. രാജ്യത്ത് പൊതുമേഖലയില്‍ മാത്രം പ്രതിരോധ ഗവേഷണവും വികസനവും നടത്തുക എന്നതായിരുന്നു മുന്‍കാലങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന നയം. അതിന്റെ തിക്തഫലങ്ങളാണ് ഇന്ന് രാജ്യം നേരിടുന്നത് എന്നതാണ് പൊതുവേ അനുമാനിക്കപ്പെടുന്നത്. പൊതുമേഖലയില്‍ മാത്രം പ്രതിരോധ ഗവേഷണവും വികസനവും എന്ന നയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പൊളിച്ചെഴുതിയത്. പ്രതിരോധരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അങ്ങനെ 70 ശതമാനത്തോളം അനുവദിക്കപ്പെട്ടു. ഇന്ത്യയുടെ പ്രശ്‌നം ഇതുകൊണ്ട് അവസാനിക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാം. മുമ്പ് പറഞ്ഞതുപോലെയുള്ള പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കാനും പരിഹരിക്കാനും സാധിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകൂ. ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ് തുടങ്ങിയവപോലെ ഇന്ത്യയുടെ സ്വന്തം സ്വകാര്യ പ്രതിരോധ കമ്പനികള്‍ ഉയര്‍ന്നുവന്നെങ്കില്‍ മാത്രമേ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല ഭാവിയില്‍ പരിഹാരം കണ്ടെത്താനാകൂ.
ലോകത്തെ മികച്ച പ്രതിരോധ കമ്പനികളുടെ പട്ടിക നോക്കിയാല്‍ അതില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് എടുത്തുപറയാന്‍ പറ്റുന്ന പ്രതിരോധ കമ്പനികൾ ഹിന്ദുസ്ഥാന്‍ എയ്‌റോണോടിക്‌സ് ലിമിറ്റഡും ബ്രഹ്‌മോസ് പ്രൈവറ്റ് ലിമിറ്റഡും മാത്രമാണ്. ഇതില്‍ ബ്രഹ്‌മോസ് മാത്രമാണ് സ്വകാര്യ കമ്പനി. അതുതന്നെ ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ്. പ്രതിരോധ ഗവേഷണവും വികസനവും ആയുധ നിര്‍മാണവുമൊക്കെ നടത്തണമെങ്കില്‍ അതിന് വലിയ തോതിലുള്ള നിക്ഷേപവും സമയവും വേണം. എങ്കില്‍ മാത്രമേ ലോകോത്തര നിലവാരമുള്ള പ്രതിരോധ കമ്പനികള്‍ ഇന്ത്യയില്‍ വളര്‍ന്നുവരികയുള്ളൂ. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആയുധങ്ങള്‍ ഇന്ന് 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് എന്നുള്ളത് കാണാതിരിക്കാനാകില്ല. എന്നാല്‍, തന്ത്രപരമായ പല സാങ്കേതികവിദ്യകളുടെയും വികസനത്തിന് ഇന്ത്യയ്ക്ക് വലിയ കാലതാമസമെടുക്കുന്നത് പ്രതിരോധരംഗത്ത് മാറിമാറി വന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന നയങ്ങള്‍ മൂലമാണ്. അതിന് പൊളിച്ചെഴുത്ത് നടത്താന്‍ മോദി സര്‍ക്കാര്‍ കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാനാവില്ല. ബ്രഹ്‌മോസ് മാതൃകയില്‍ ഇന്ത്യയില്‍ പ്രതിരോധ കമ്പനികള്‍ വരുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് യുദ്ധവിമാന മേഖലയിലും ആര്‍ട്ടിലറി, നാവിക രംഗങ്ങളിലും.
Content Highlights: India`s defense sector is growing but lacks self-reliance.