കോൺഗ്രസിന്റെ ഹൂഡ ട്രിക്കും ബിജെപിയുടെ സ്വപ്നവും; വിനേഷ് കച്ചമുറുക്കുമ്പോൾ മുറുകുന്ന ഹരിയാണ ഗോദ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ അവസാനിക്കുന്നതിന് മുമ്പ് ഹിന്ദി ഹൃദയഭൂമിയിൽ മറ്റൊരു തിരഞ്ഞെടുപ്പ് കളംകൂടെ ചൂടുപിടിച്ചിരിക്കുകയാണ്. ഹരിയാണയിൽ മൂന്നാം അവസരംനേടി സ്വപ്നസാക്ഷാത്ക്കാരത്തിന് ഒരുങ്ങുകയാണ് ബി.ജെ.പി. പോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് അണിയറയിലും തകൃതിയായി നടക്കുന്നുണ്ട്. ഏത് വിധേനയും അധികാരത്തിൽ സ്ഥാനമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് ജെ.ജെ.പിയും. വലിയ പ്രതീക്ഷകൾ ഇല്ലെങ്കിലും ഒരു കൈ നോക്കാമെന്ന മട്ടിൽ കെജ്‌രിവാൾ കി ഗാരന്റിയുമായി ആം ആദ്മി പാർട്ടിയുമുണ്ട് അങ്കത്തട്ടിൽ. പിന്നോട്ടില്ലാത്ത കർഷകപോരാട്ടത്തിന് സാക്ഷിയായ മണ്ണിൽ ഒക്ടോബർ ഒന്നിന് ജനം വിധിയെഴുതും. തങ്ങളെ ആര് നയിക്കണമെന്ന അവരുടെ തീരുമാനം നാലിനറിയാം...
അമിതവിശ്വാസത്തിൽ അടിപതറിയ ബി.ജെ.പി.
2014-ലെ മോദിതരംഗത്തിൽ അന്നോളമുണ്ടായിരുന്ന എല്ലാ ചരിത്രവും തിരുത്തിക്കുറിച്ചാണ് ഹരിയാണയിൽ ബി.ജെ.പി അധികാരത്തിലേറുന്നത്. 2009-ൽ വെറും ഒമ്പത് ശതമാനം വോട്ടുവിഹിതവും നാല് സീറ്റുകളുമുണ്ടായിരുന്ന ബി.ജെ.പിയുടെ വലിയ കുതിച്ചുചാട്ടത്തിനാണ് 2014 സാക്ഷിയായി. 33.3 ശതമാനം വോട്ടുകൾ അന്ന് ബി.ജെ.പിയുടെ ബാലറ്റിൽ വീണു. 47 സീറ്റിന്റെ ബലത്തിൽ മുഖ്യമന്ത്രിപദത്തിലേക്ക് മനോഹർലാൽ ഖട്ടർ.
Content Highlights: Haryana Assembly Election 2024 in depth explained